മെയ് ഒന്നുമുതല്‍ വാക്സിനേഷന്‍ : സ്വകാര്യ വാക്സിൻ കേന്ദ്രങ്ങൾക്ക് കർശന മാനദണ്ഡങ്ങൾ

Jaihind Webdesk
Monday, April 26, 2021

ന്യൂഡൽഹി : സ്വകാര്യ വാക്സിൻ വിതരണ കേന്ദ്രങ്ങൾ മേയ് ഒന്നു മുതൽ, കുത്തിവയ്ക്കുന്ന വാക്സിൻ, ഈടാക്കുന്ന നിരക്ക് തുടങ്ങിയ വിവരങ്ങൾ കോവിൻ പോർട്ടലിൽ മുൻകൂറായി നൽകണമെന്നു വ്യക്തമാക്കി ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്കു കത്തു നൽകി. കോവിൻ പോർട്ടലിൽ അപ്പോയ്ന്‍റ്മെന്‍റ് മൊഡ്യൂളിൽ ഇതു ലഭ്യമാകും. ഇതു പരിശോധിച്ചു വാക്സീന്‍റെ കാര്യത്തിലും കുത്തിവയ്പെടുക്കേണ്ട കേന്ദ്രത്തിന്‍റെ കാര്യത്തിലും ഗുണഭോക്താവിനു തീരുമാനമെടുക്കാൻ കഴിയുമെന്നതാണ് നേട്ടം.

18 മുതൽ 45 വരെയുള്ളവർക്കു കൂടി ലഭ്യമാക്കുന്ന മൂന്നാം ഘട്ട വാക്സീൻ കുത്തിവയ്പിനുള്ള റജിസ്ട്രേഷൻ 28ന് ആരംഭിക്കും. ഈ പ്രായപരിധിയിലുള്ളവർ കോവിൻ പോർട്ടൽ, ആരോഗ്യസേതു ഇവ വഴി റജിസ്റ്റർ ചെയ്തിരിക്കണം. സ്ലോട്ട് ബാക്കിയുണ്ടെങ്കിൽ മാത്രം നേരിട്ടെത്തുന്നവരെ പരിഗണിക്കും.

. മുഴുവൻ സ്വകാര്യ വാക്സിൻ വിതരണ കേന്ദ്രങ്ങളും കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്തിരിക്കണം. ഇതിനുള്ള നടപടികൾ സംസ്ഥാനങ്ങൾ ദ്രുതഗതിയിലാക്കണം.

∙ ശീതീകരണ സംവിധാനം, കാത്തിരിപ്പു മുറി, നിരീക്ഷണ മുറി, പരിശീലനം ലഭിച്ച വാക്സിനേറ്റർമാർ, വിപരീത ഫലമുണ്ടാകുന്ന പക്ഷം സ്വീകരിക്കേണ്ടുന്ന നടപടികൾക്കുള്ള തയാറെടുപ്പു തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ മാത്രമേ പുതിയ കേന്ദ്രങ്ങൾക്ക് അനുമതി നൽകാവു.

∙ സ്വകാര്യ ആശുപത്രികൾക്ക് 150 രൂപയ്ക്ക് വാക്സീൻ ലഭ്യമാക്കുന്നതു മേയ് ഒന്നോടെ നിർത്തലാക്കും.ഏപ്രിൽ 30 വരെ ഉപയോഗിച്ചതു തിരിച്ചെടുക്കാനായി സ്റ്റോക് പരിശോധന നടത്തണം.