വാക്സിന്‍ വിതരണം അട്ടിമറിച്ച് സിപിഎം ; ഓൺലൈൻ രജിസ്ട്രേഷൻ അവതാളത്തിൽ

Jaihind Webdesk
Tuesday, May 11, 2021

 

തൃശൂർ : സംസ്ഥാനത്ത് കൊവിഡ് വാക്സിൻ എടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ അവതാളത്തിൽ. ചിലയിടങ്ങളിൽ വാക്സിനേഷൻ സെന്‍ററുകളിൽ നിന്നും സി പി എം നേതാക്കൾ വഴി ടോക്കൺ വിതരണം നടത്തുന്നതായും പരാതിയുണ്ട്.
കൊവിൻ വെബ്സൈറ്റ് വഴിയും ആരോഗ്യ സേതു ആപ്പ് വഴിയുമാണ് വാക്സിനായി രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കുക. ആദ്യം 45 വയസിന് മുകളിലുള്ളവർക്കായിരുന്നു അവസരം. ഏപ്രിൽ 28 മുതൽ 18 വയസിന് മുകളിലുള്ളവരുടെ രജിസ്ട്രേഷനും ആരംഭിച്ചു. ഇതോടെ വെബ്സൈറ്റ് പലപ്പോഴും പണിമുടക്കി.

കൊവിൻ വെബ് സൈറ്റിൽ രജിസ്റ്റർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ സെർവർ തകരാറിലാണെന്നും പിന്നീട് ശ്രമിക്കാനുമാണ് മറുപടി ലഭിക്കുന്നത്. രജിസ്ട്രേഷൻ ചെയ്തവർക്കാകട്ടെ സ്ലോട്ടും ലഭിക്കുന്നില്ല. അതിനിടെയാണ് സിപിഎം നേതാക്കൾ വാക്സിൻ വിതരണത്തിലും കൈ കടത്തുന്നതായി ആരോപണം ഉയർന്നിട്ടുള്ളത്.

വാക്സിനേഷൻ സെൻററുകളിൽ നിന്ന് ടോക്കൺ വാങ്ങി സിപിഎം നേതാക്കൾ വഴി വിതരണം നടത്തുന്നുവെന്നാണ് പരാതി. വാക്സിൻ വിതരണം സംസ്ഥാന സർക്കാരിന്റെ നേട്ടമാണെന്ന് വരുത്തി തീർത്ത് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള സി പി എം നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.