രാജ്യത്ത് കൊവിഡ് കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ 27,553 കേസുകള്‍, 284 മരണം; 1525 പേർക്ക് ഒമിക്രോണ്‍

Sunday, January 2, 2022

 

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുന്നു. ഒരാഴ്ചക്കിടെ മാത്രം നാലിരട്ടി വർധനയാണ് ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,553 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഒറ്റ ദിവസം  284 മരണവും റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ കേസുകളുടെ എണ്ണം കൂടുന്നതും ആശങ്കയുണർത്തുന്നതാണ്.

രാജ്യത്ത് ഇതുവരെ 1525 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് കൂടുതല്‍ കേസുകള്‍. 460 പേർക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ 351, ഗുജറാത്തിൽ 136 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. ഒമിക്രോൺ വകഭേദം ഡെൽറ്റയേക്കാൾ വ്യാപിച്ചതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചതോടെ ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുമുണ്ട്. രോഗികളെ നിരീക്ഷിക്കാൻ താൽക്കാലിക ആശുപത്രികൾ സ്ഥാപിക്കാനും ഗ്രാമീണ മേഖലയ്ക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.

ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ സ്ഫോടനാത്മക വളർച്ചയുണ്ടാകുമെന്നും എന്നാൽ അതിതീവ്ര വളർച്ചയുടെ ഘട്ടം ചെറുതായിരിക്കുമെന്നും കേംബ്രിജ് സർവകലാശാലയിലെ ജഡ്ജ് ബിസിനസ്സ് സ്‌കൂൾ പ്രൊഫസർ പോൾ കട്ടുമാൻ പറഞ്ഞു.  വരുന്ന ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പുതിയ കേസുകളുടെഎണ്ണം ഉയരാൻ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് കേസുകളുടെ പ്രതിദിന വളർച്ചാ നിരക്ക് ഡിസംബർ 25ന് നെഗറ്റീവായിരുന്നത് ഡിസംബർ 26ന് 0.6 ശതമാനവും ഡിസംബർ 27ന് 2.4 ശതമാനവും ഡിസംബർ 29ന് 5 ശതമാനവുമായി വർധിച്ചു.