കൊവിഡ് വ്യാപനത്തില്‍ ആശ്വാസം, മരണത്തില്‍ ആശങ്ക; ഒറ്റ ദിവസം 1192 മരണം

Jaihind Webdesk
Tuesday, February 1, 2022

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ കുറവ് തുടരുമ്പോഴും പ്രതിദിന മരണനിരക്ക് ഉയരുന്നത് ആശങ്കാജനകമാകുന്നു. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തില്‍ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.67,059 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം പ്രതിദിന മരണസംഖ്യ ആയിരം കടന്നു.

ഒറ്റ ദിവസം 1192 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 871 മരണങ്ങളായിരുന്നു സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങളായി മരണസംഖ്യ 700 ന് മുകളിലാണ്. 2,54,076 പേര്‍ രോഗമുക്തി നേടി. 17,43,059 സജീവ കേസുകളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്.

പ്രതിദിന രോഗസ്ഥിരീകരണ നിരക്കും കുറഞ്ഞിട്ടുണ്ട്. 11.69 ശതമാനമാണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് ഇതുവരെ 1,66,68,48,204 പേര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.