BREAKING: ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്ക് യുഎഇ അനുവദിച്ച ‘ഓണ്‍ അറൈവല്‍’ വീസാ സംവിധാനം തല്‍ക്കാലം റദ്ദാക്കി; പുതിയ നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍

B.S. Shiju
Wednesday, March 18, 2020

ദുബായ് : ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്ക് യുഎഇ അനുവദിച്ചിരുന്ന വീസ ‘ഓണ്‍ അറൈവല്‍’ സംവിധാനം തല്‍ക്കാലം റദ്ദാക്കി. മാര്‍ച്ച് 19 വ്യാഴാഴ്ച മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഇതോടെ അമേരിക്ക, യൂറോപ്പ്, യു കെ തുടങ്ങി രാജ്യങ്ങളിലെ താമസ വീസകളുള്ള വിദേശികള്‍ക്ക്  പഴയതു പോലെ ‘ഓണ്‍ അറൈവല്‍’ ആയി യുഎഇയില്‍ ഇറങ്ങാന്‍ സാധിക്കില്ല.

നേരത്തെ, ഇത്തരക്കാര്‍ക്ക് മുന്‍കൂട്ടി വീസ എടുക്കാതെ, രാജ്യത്ത് പ്രവേശന അനുമതി നല്‍കിയിരുന്നു. ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിച്ചിരുന്നു. കൊറോണ വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് ഈ പുതിയ തീരുമാനം. എന്നാല്‍ നയതന്ത്ര പാസ്പോര്‍ട്ട് ഉടമകളെ ഈ നിയമത്തില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്. ഇന്നലെ ( മാര്‍ച്ച് 17 ) മുതല്‍ യുഎഇ എല്ലാതരം ടൂറിസ്റ്റ് സന്ദര്‍ശക വീസകളും യുഎഇ റദ്ദാക്കിയിരുന്നു.