ഉറവിടമറിയാത്ത രോഗികള്‍ കൂടുന്നു; തിരുവനന്തപുരത്ത് ആശങ്ക, കർശന നിയന്ത്രണം

Jaihind News Bureau
Friday, July 3, 2020

 

ഉറവിടമറിയാത്ത കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ തിരുവനന്തപുരത്ത് കടുത്ത ആശങ്ക. നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനാണ് തീരുമാനം. രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ഇന്ന് അണുവിമുക്തമാക്കും.  ഉറവിടമറിയാതെ നാലുപേര്‍ക്ക് കഴിഞ്ഞദിവസം  കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

പാളയം സാഫല്യം കോംപ്ലക്സിലെ അസം സ്വദേശിയായ ജീവനക്കാരന്‍റെ  രോഗ ഉറവിടവും വ്യക്തമല്ല. നിരവധി പേർ വന്നുപോയിരുന്ന സ്റ്റേഷനറി കടയിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിന് യാത്ര പശ്ചാത്തലവുമില്ല. രോഗലക്ഷങ്ങളോടെ 29ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സാഫല്യം കോംപ്ലക്സിനോട് ചേർന്നുള്ള പാളയം മാർക്കറ്റിൽ അടക്കം കർശന നിയന്ത്രങ്ങൾ ഏർപ്പെടുത്താനാണ് തിരുവനന്തപുരം കോര്‍പറേഷന്റെ തീരുമാനം.

പാളയം മാർക്കറ്റിലും കർശന നിയന്ത്രണം ഏർപ്പെടുത്തും. മാർക്കറ്റിന്റെ മുൻഗേറ്റിലൂടെ മാത്രമേ ആളുകളെ കടത്തിവിടുള്ളൂ.  മാർക്കറ്റിലെത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കാനായി പ്രത്യേക കൗണ്ടർ ഉണ്ടാകും. വഞ്ചിയൂരിലെ ലോട്ടറി കച്ചവടക്കാരന് രോഗം പിടിപ്പെട്ടത് എവിടെ നിന്നാണെന്നതിലും വ്യക്തതയില്ല. പനി ബാധിച്ച നിലയിൽ റോഡിൽ കണ്ടെത്തിയ ഇദ്ദേഹത്തെ പൊലീസുകാരാണ് ആശുപത്രിയിലെത്തിച്ചത്. നേരത്തെ വഞ്ചിയൂരിൽ തന്നെ ഉറവിടം അറിയാതെ കൊവിഡ് ബാധിച്ച് രമേശന്‍ മരണപ്പെട്ടിരുന്നു.

വിഎസ്‍എസിയിൽ ജോലി ചെയ്തിരുന്ന 25 കാരനാണ് നെയ്യാറ്റിൻകരയിൽ രോഗം പിടിപ്പെട്ടത്. ബാലരാമപുരത്തെ 47 കാരനായ രോഗിക്കും സമ്പർക്ക, യാത്ര പശ്ചാത്തലമില്ല. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെ രോഗബാധ കണക്കിലെടുത്ത് ഓഫീസുകളിലും, ബസ് സ്റ്റോപ്പുകളിലും, സൂപ്പർ മാർക്കറ്റുകളിലും, അക്ഷയ കേന്ദ്രങ്ങളിലും തിരക്ക് ഒഴിവാക്കാൻ ഇന്ന് മുതൽ കർശന നടപടിയുണ്ടാകും.