സമ്പര്‍ക്കവ്യാപനം രൂക്ഷം; തിരുവന്തപുരത്ത് കൊവിഡ് പരിശോധന കുറയുന്നു; ആരോഗ്യ വകുപ്പിന്‍റെ അനാസ്ഥക്കെതിരെ വ്യാപക വിമർശനം

Jaihind News Bureau
Monday, July 27, 2020

 

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും തിരുവന്തപുരത്ത് നടപടിക്രമങ്ങൾ ശക്തമാകുന്നില്ല. പ്രതിരോധ പ്രവർത്തനം കണ്ടെയ്ൻമെന്‍റ് സോണുകൾ കെട്ടിയടക്കുന്നതിൽ മാത്രം ഒതുങ്ങുന്നതായാണ് പരാതി. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിട്ടും ആരോഗ്യവകുപ്പ് അനാസ്ഥ കാണിക്കുന്നതായി വിമർശനം ഉയരുന്നു.

കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച പ്രദേശങ്ങള്‍ കെട്ടിയടക്കാനാണ് സർക്കാർ പ്രധാന്യം നൽകുന്നത്. എന്നാൽ അതിനൊപ്പം രോഗബാധിത പ്രദേശങ്ങളിൽ പരമാവധി പരിശോധനകള്‍ നടത്തുന്നില്ലെന്നാണ് പരാതി.  തിരുവനന്തപുരം നഗരപ്രദേശങ്ങളിലെ കണ്ടയിൻമെന്‍റ് സോണിലെ ഓരോ വഴിയും കെട്ടിയടച്ചിരിക്കുകയാണ്. രോഗപ്രതിരോധ പ്രവർത്തനത്തിന്‍റെ  ഭാഗമായി കണ്ടെയിൻമെന്‍റ് സോണുകളിൽ നിന്ന് ആരെങ്കിലും പുറത്തേക്ക് കടക്കുന്നത് തടയുകയാണ് ഇതിലൂടെ  ലക്ഷ്യമിടുന്നത്. എന്നാൽ രോഗവ്യാപനത്തിന്‍റെ  തോതറിയാൻ രോഗികളുടെ അടുത്ത ബന്ധുക്കളെ അല്ലാതെ മറ്റൊരാളെപോലും ഇതുവരെ ടെസ്റ്റിന് വിധേയരാക്കിയിട്ടില്ല.

പൂന്തുറയിൽ  ടെസ്റ്റുകളുടെ എണ്ണം കൂട്ടിയതോടെയാണ് സമൂഹവ്യാപനമെന്ന് കണ്ടെത്താനായത്. എന്നാൽ പുല്ലുവിളയിലേയും അടിമലതുറിയിലേയും അവസ്ഥ പരിതാപകരമാണ്. ടെസ്റ്റുകൾ കുറയ്ക്കാനുളള നീക്കമാണ് ഇപ്പോൾ. 35000 പേരുള്ള കരിംകുളത്ത് 863 പേരിൽ മാത്രമാണ് ടെസ്റ്റ് നടത്തിയത്. ഇതിൽ 388 ഉം പോസിറ്റീവായിരുന്നു. നിയന്ത്രണങ്ങൾ അനിവാര്യമാണ് എന്നാൽ കൂടുതൽ ടെസ്റ്റുകൾ നടത്താതെ കെട്ടിയടക്കലിൽ മാത്രം ഒതുക്കുന്ന പ്രതിരോധപ്രവർത്തനത്തിന് വരും ദിവസങ്ങളിൽ വലിയ വില കൊടുക്കേണ്ടിവരും.