സർക്കാർ ഉത്തരവിന് പുല്ലുവില ; കൊവിഡ് ചികിത്സയ്ക്ക് വന്‍തുക ഈടാക്കി  സ്വകാര്യ ആശുപത്രി ; മുറി വാടക മാത്രം 87000 രൂപ

Jaihind Webdesk
Wednesday, May 12, 2021

 

കൊല്ലം: കൊവിഡ് ചികിത്സയ്ക്ക് വന്‍തുക ഈടാക്കി  സ്വകാര്യ ആശുപത്രി.  വയോധിക ദമ്പതികള്‍ക്ക് ഏഴ് ദിവസത്തെ റൂം വാടകയായി 87000 രൂപയാണ് ആശുപത്രി ഈടാക്കിയത്. കൊല്ലം നഗരാതിര്‍ത്തിയിലെ സ്വകാര്യ ആശുപത്രിയുടേതാണ്  നടപടി. റൂം വാടക അടക്കം ഇരുവര്‍ക്കും 1.78 ലക്ഷം രൂപയാണ് (177963) നല്‍കേണ്ടി വന്നത്.

ഭക്ഷണത്തിെന്‍റ ചെലവും ഡിസ്ചാര്‍ജ് സമയത്തെ മരുന്നിന്‍റെ നിരക്കിനും പുറമേയാണ് ഈ തുക. മേയ് മൂന്നിന് രാത്രിയോടെയാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഒരു റൂമിലേക്ക് മാറ്റിയ ഇരുവര്‍ക്കും ബെഡ് ഒന്നിന്​ 5000 വീതം 10000 രൂപയാണ് ദിവസവും ഈടാക്കിയത്.

റൂമിലായിട്ടും വേണ്ടത്ര പരിചരണം കിട്ടിയില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. ഒരു ദിവസം ഡോക്ടര്‍ വന്ന് പുറത്തുനിന്ന് നോക്കിയതൊഴിച്ചാല്‍ മറ്റൊന്നും ചെയ്തില്ല. ഡോക്ടറുടെ സന്ദര്‍ശനത്തിെന്‍റ പേരില്‍ 15000 രൂപയും ഈടാക്കി. കൂടാതെ ഡ്യൂട്ടി ഡോക്ടര്‍ -10000, നഴ്സ് -20000, യൂട്ടിലിറ്റി നിരക്ക് -6000 എന്നിങ്ങനെയാണ് നിരക്കുകള്‍.

ലിവര്‍, കിഡ്നി ഫംഗ്ഷന്‍ ടെസ്​റ്റ്​ ഉള്‍പ്പെടെ ദിവസം ചെയ്തതിന്‍റെ പേരില്‍ 6 ദിവസം 20320 രൂപയായി. 2000 രൂപയില്‍ താഴെ മാത്രമാണ് മരുന്നിന് ചെലവായത്. ഇതേ ആശുപത്രിയില്‍ മൂന്നുദിവസം ചികിത്സ തേടിയ ദമ്പതികളുടെ മകനില്‍നിന്ന് 46750 രൂപയും ഈടാക്കി.