കോണ്‍ഗ്രസിനെതിരായ ‘ടൂള്‍കിറ്റ്’ ആരോപണത്തില്‍ ബിജെപിക്ക് തിരിച്ചടി ; സാംബിത് പാത്രയുടെ ട്വീറ്റ് വ്യാജമെന്ന് ട്വിറ്റർ

Jaihind Webdesk
Friday, May 21, 2021

 

ന്യൂഡല്‍ഹി : കോണ്‍ഗ്രസിനെതിരായ  ‘ടൂള്‍കിറ്റ്’ വിവാദത്തില്‍ ബിജെപിക്ക് തിരിച്ചടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ മോശമാക്കാൻ കോൺഗ്രസ് ടൂൾകിറ്റുണ്ടാക്കിയെന്ന ബിജെപി വക്താവ് സാംബിത് പാത്രയുടെ ആരോപണം വ്യാജമെന്ന് ട്വിറ്റർ കണ്ടെത്തി.

രാജ്യത്തിന്റെയും മോദിയുടേയും പ്രതിച്ഛായ മോശമാക്കുന്നതിനായി എ.ഐ.സി.സി ഗവേഷണ വിഭാഗം പുറത്തിറക്കിയതെന്ന് ആരോപിച്ചുള്ള വ്യാജരേഖ സാംബിത് പാത്ര ട്വിറ്ററില്‍ പങ്കുവെയ്ക്കുകയായിരുന്നു. ഈ പ്രസ്താവന വ്യാജമായി നിർമിച്ചതാണെന്ന് നിരവധി ഫാക്ട് ചെക്ക് വെബ്സൈറ്റുകളും നേരത്തെ കണ്ടെത്തിയിരുന്നു.

പ്രചരിക്കുന്ന രേഖകള്‍ വ്യാജമാണെന്ന്‌   ഗവേഷണ വിഭാഗം മേധാവി പ്രൊഫ. രാജീവ് ഗൗഡയും വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശവും ഗവേഷണ വിഭാഗം പുറത്തിറക്കിയിട്ടില്ല. കോവിഡ് -19 മഹാമാരിയെ തടയുന്നതിലെ അസാധാരണമായ പരാജയത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പി ശ്രമമാണ് വ്യാജ ‘ടൂള്‍കിറ്റ്’ വിവാദം.

വായിക്കുന്നവര്‍ക്ക് തന്നെ പരിഹാസ്യമായി തോന്നുന്നതാണ് രേഖയിലെ നിര്‍ദ്ദേശങ്ങള്‍. ആധികാരികത തോന്നിപ്പിക്കുന്ന തരത്തില്‍ അതീവ ശ്രദ്ധയോടെ ബുദ്ധിപൂര്‍വ്വം തയ്യാറാക്കിയ രേഖയാണിതെന്നും സാംബിത് പാത്രയ്ക്കും ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദയ്ക്കുമെതിരെ എ.ഐ.സി.സി ഗവേഷണ വിഭാഗം നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.