രാജ്യത്ത് കൊവിഡ് കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ 37,379 പേർക്ക് രോഗം, 124 മരണം

Jaihind Webdesk
Tuesday, January 4, 2022

 

ന്യൂഡല്‍ഹി : ആശങ്കയായി രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം  രൂക്ഷമാകുന്നു. ഒറ്റ ദിവസത്തിനിടെ  രാജ്യത്ത് 37,379 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 124 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ കേസുകളും വർധിക്കുന്നത് കടുത്ത വെല്ലുവിളിയാവുകയാണ്.

രാജ്യത്താകമാനം 1892 ഒമിക്രോണ്‍ കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. 766 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് 1,71,830 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിലുള്ളത്. 11,007 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയത്. ടിപിആര്‍ 3.24 ശതമാനമായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയും ഡല്‍ഹിയുമാണ് ഒമിക്രോണ്‍ കേസുകളില്‍ മുന്നിലുള്ളത്.  അതിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും കൊവിഡ് സ്ഥിരീകരിച്ചു. വീട്ടില്‍ തന്നെ ക്വാറന്‍റൈനില്‍ കഴിയുകയാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.