പിടിവിട്ട് കൊവിഡ് : രാജ്യത്ത് 24 മണിക്കൂറിനിടെ 1,68,912 പേര്‍ക്ക് രോഗം, 904 മരണം

ന്യൂഡല്‍ഹി : ആശങ്കയുണർത്തി കൊവിഡ് രണ്ടാം തരംഗം. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ  1,68,912 കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു.  904 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കഴിഞ്ഞ ഒരാഴ്ചയായി ഒരു ലക്ഷത്തിന് മുകളില്‍ കൊവിഡ് കേസുകളാണ് തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പ്രതിദിന കേസുകള്‍ ഒരു ലക്ഷത്തില്‍ നിന്ന് ഒന്നര ലക്ഷം പിന്നിട്ടത് കേവലം ദിവസങ്ങളുടെ മാത്രം വ്യത്യാസത്തിലാണ്. ഓരോ ദിവസം കഴിയുന്തോറും വലിയ വർധനവാണ് കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്നത്. ആശങ്കപ്പെടുത്തുന്ന കണക്കാണിത്.

ഇന്നലെ 1,52,879 കോവിഡ് കേസുകളും 839 മരണങ്ങളും സ്ഥിരീകരിച്ചിരുന്നു. ഇന്നും ഒന്നര ലക്ഷത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 1,35,27,717 ആയി. രാജ്യത്ത് ഇതുവരെ 1,70,179 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 1,21,56,529 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 12,01,009 പേരാണ് ചികിത്സയില്‍ തുടരുന്നത്. രാജ്യത്ത് ഇതുവരെ 10,45,28,565 പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രോഗവ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ ഞായറാഴ്ച 63,294 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് രോഗം പിടിപെടുന്നവരുടെ കണക്ക് ഓരോ ദിവസവും ഉയരുകയാണ്. ഇതോടെ സംസ്ഥാനത്ത് രോഗം പിടിപെട്ടവരുടെ എണ്ണം 34 ലക്ഷം കടന്നു. 349 പേരാണ് 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. മരണസംഖ്യ 57,987 ലേക്കെത്തി. 5.65 ലക്ഷം പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

കര്‍ണാടകയിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്നലെ പതിനായിരം കടന്നു. ഞായറാഴ്ച 10,250 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 10,65,290 ആയി. ആറുമാസങ്ങള്‍ക്കു ശേഷമാണ് സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികള്‍ പതിനായിരം കടക്കുന്നത്. ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 69,225 ആയി.

കേരളത്തിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ആശങ്കാജനകമായ വർധനവാണുണ്ടാകുന്നത്. പ്രതിദിന കേസുകള്‍  1500 ല്‍ നിന്ന് ആറായിരത്തിലേക്ക് എത്തിയ ഏതാനും ദിവസങ്ങളുടെ മാത്രം വ്യത്യാസത്തിലാണ്. 6986 കൊവിഡ് കേസുകളാണ് ഇന്നലെ കേരളത്തില്‍ റിപ്പോർട്ട് ചെയ്തത്. വാക്സിനേഷനും മന്ദഗതിയിലാണ് സംസ്ഥാനത്ത് നടക്കുന്നത്. ആർടിപിസിആർ ടെസ്റ്റുകള്‍ വർധിപ്പിക്കാനുമായിട്ടില്ലെന്നതും ആശങ്കാജനകമാണ്.

Comments (0)
Add Comment