കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതിന് പിന്നില്‍ കേന്ദ്രത്തിന്‍റെ വീഴ്ച ; വിമർശനവുമായി രാഹുല്‍ ഗാന്ധി

Jaihind Webdesk
Saturday, April 10, 2021

ന്യൂഡല്‍ഹി : കൊവിഡ് വ്യാപനത്തില്‍ കേന്ദ്രത്തിന്‍റെ വീഴ്ച ചൂണ്ടിക്കാട്ടി വിമർശനവുമായി രാഹുല്‍ ഗാന്ധി. കൊവിഡ് വ്യാപനം കാര്യക്ഷമമായി നിയന്ത്രിക്കുന്നതിൽ കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾ പരാജയപ്പെട്ടതാണ് രൂക്ഷമായ രണ്ടാം തരംഗത്തിന് വഴിവെച്ചതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. അതിഥി തൊഴിലാളികള്‍ വീണ്ടും പലായനം ചെയ്യേണ്ട അവസ്ഥയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാക്സിനേഷൻ കൂട്ടുന്നതിനോടൊപ്പം ജനങ്ങളെ സർക്കാർ സാമ്പത്തികമായി സഹായിക്കേണ്ടതുണ്ട്. പ്രതിരോധ കുത്തിവെപ്പ് വർധിപ്പിക്കുന്നതിനൊപ്പം, ദരിദ്രരുടെ കൈകളില്‍ പണം നൽകേണ്ടതും ആവശ്യമാണ്.  ഇത് സാധാരണക്കാരുടെ നിലനില്‍പ്പിനും ഒപ്പം രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ തകരാതിരിക്കാനും ആവശ്യമാണ്. രാജ്യത്ത് കൊവിഡ് വാക്സിന്‍ ക്ഷാമം നേരിടുമ്പോഴും കയറ്റുമതി അവസാനിപ്പിക്കാത്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ ജനങ്ങളുടെ ജീവന് വില കല്‍പിക്കാത്തതാണെന്നും രാഹുല്‍ ഗാന്ധി വിമർശിച്ചു.

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ അവസ്ഥയിലാണ്. പ്രതിദിന രോഗികൾ ഒന്നരലക്ഷത്തിന് അടുത്തെത്തി. കഴിഞ്ഞ ഒരാഴ്ചയായി ഒന്നേകാല്‍ ലക്ഷത്തിലേറെയാണ് പ്രതിദിന രോഗികളുടെ എണ്ണം. ഇന്ന് അത് 1.45 ലക്ഷം ആയി. മരണ നിരക്കും ഉയരുകയാണ്. രോഗവ്യാപനം അതിരൂക്ഷമാണെങ്കിലും സമ്പൂർണ്ണ ലോക്ക്ഡൌണ്‍ ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.