പേരാവൂരിലെ അഗതി മന്ദിരത്തിൽ അന്തേവാസികൾക്ക് കൊവിഡ് പടരുന്നു ; ഒരാഴ്ചയ്ക്കിടെ അഞ്ച് മരണം ; ഭക്ഷണമടക്കം കിട്ടാത്ത സാഹചര്യത്തിലും ജില്ലാ ഭരണകൂടത്തിന് അനക്കമില്ല

Jaihind Webdesk
Thursday, August 19, 2021

 

കണ്ണൂർ: പേരാവൂരിലെ കൃപാലയം അഗതി മന്ദിരത്തിലെ നൂറിലേറെ അന്തേവാസികൾക്ക് കൊവിഡ്. ഒരാഴ്ചയ്ക്കിടെ അഞ്ചുപേർ മരിച്ചു. ഭക്ഷണമടക്കം കിട്ടാത്ത സാഹചര്യമാണുള്ളതെന്നും രോഗികളുടെ അവസ്ഥ കൂടുതൽ ദയനീയമാവുകയാണെന്ന് നടത്തിപ്പുകാർ പറയുന്നു. ഇതുവരെ ജില്ലാ ഭരണകൂടം പ്രശ്നത്തിൽ ഇടപെട്ടിട്ടില്ല.

തെരുവിൽ അലയുന്നവ‍ർ, ആരോരും ഇല്ലാത്ത പ്രായമായവർ. മാനസീക വെല്ലുവിളി നേരിടുന്നവർ, രോഗികൾ ഇങ്ങനെ സമൂഹത്തിന്‍റെ കരുതൽ വേണ്ട ആളുകളെ പാർപ്പിക്കുന്നയിടമാണ് പേരാവൂർ തെറ്റുവഴിയിലെ കൃപാഭവനം. 234 അന്തേവാസികളുള്ള ഇവിടെ ഈ മാസം നാലിനാണ് ഒരാൾക്ക് കൊവിഡ് പോസറ്റീവ് ആയത്. പിന്നീടുള്ള പരിശോധനയിൽ കൂടുതൽ പേ‍ർക്ക് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തി. രണ്ടാഴ്ചക്കിടെ കൊവിഡ് രോഗികളുടെ എണ്ണം നൂറായി. അഞ്ചുപേർ മരിച്ചു. മാനസീക വെല്ലുവിളി നേരിടുന്ന കൊവിഡ് രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാനാകാത്ത സാഹചര്യമാണ്. സുമനസുകളുടെ കരുണയിൽ കിട്ടുന്ന സംഭാവനയും ഭക്ഷണസാധനങ്ങളും കൊണ്ട് കഴിഞ്ഞിരുന്ന അഗതി മന്ദിരത്തിൽ ഇപ്പോൾ കൊവിഡായതിനാൽ സഹായത്തിനും ആരും എത്താത്ത സാഹചര്യമാണ്.

കൊവിഡ് രോഗികൾക്ക് ആവശ്യമായ മരുന്ന് ആരോഗ്യ വകുപ്പും പഞ്ചായത്തും നൽകുന്നുണ്ട്. എന്നാൽ കൊവിഡ് പ്രതിസന്ധിയിൽ ഇവിടെത്തെ മറ്റ് രോഗികളുടെ ചികിത്സയും മുടങ്ങിയ സാഹചര്യമാണുള്ളത്. രണ്ടുവർഷമായി സർക്കാർ ഗ്രാന്റ് കിട്ടാത്തതും പ്രശ്നം ഗുരുതരമാക്കി. സുമനസുകൾ സഹായവുമായി എത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് അഗതി മന്ദിരം നടത്തിപ്പുകാർ.