ഡല്‍ഹിയില്‍ കൊവിഡ് കനക്കുന്നു ; രോഗികളുടെ എണ്ണത്തില്‍ 47% വർധന ; കൂടുതല്‍ നിയന്ത്രണങ്ങള്‍

Jaihind Webdesk
Saturday, January 1, 2022

ന്യൂഡല്‍ഹി : രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ആയിരത്തി അഞ്ഞൂറിലേക്ക് . ആകെ കൊവിഡ്  രോഗികളുടെ എണ്ണവും കുത്തനെ കൂടി. ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് ഒരാഴ്ച്ചയ്ക്കുള്ളില്‍ ദശാംശം അഞ്ചില്‍ നിന്ന് 2.44 ശതമാനമായി ഉയര്‍ന്നു. മുബൈയില്‍ രോഗികളുടെ എണ്ണം 47 ശതമാനം വര്‍ധിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ചു. ബംഗാള്‍, ഗുജറാത്ത്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളുടെ എണ്ണം കൂടി.

രോഗ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ പരിശോധന കൂട്ടാനും, മെഡിക്കല്‍ പാരാമെഡിക്കല്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വീട്ടില്‍ പരിശോധന നടത്തുന്ന കിറ്റിന്‍റെ  ഉപയോഗം പ്രോത്സാഹിപ്പിക്കണം എന്നും നിര്‍ദേശം ഉണ്ട്. 145 കോടിയില്‍ അധികം ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു.