ലക്‌നൗ : കൊവിഡ് പ്രതിരോധ നടപടികളില്‍ യു.പി ബിജെപിക്കുള്ളില്‍ അമര്‍ഷം പുകയുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെന്നും അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പാര്‍ട്ടി എംഎല്‍എമാരും പാര്‍ലമെന്റ് അംഗങ്ങളും മുഖ്യമന്ത്രിക്ക് കത്തെഴുതി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിലടക്കം കൊവിഡ് നിരക്ക് കുതിച്ചുകയറുന്നുവെന്നാണ് റിപ്പോര്‍ട്ട്.
തന്റെ മണ്ഡലമായ ബറേലിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗംഗവാര്‍ ഈ മാസം ആറിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയിരുന്നു. സമാനമായ കത്തുകള്‍ മറ്റ് ചില ബി.ജെ.പി. ജനപ്രതിനിധികളും സര്‍ക്കാരിന് അയച്ചിട്ടുണ്ട്. ആശുപത്രികളുടെ കുറവ്, കോവിഡ് കിടക്കകളുടെ അപര്യാപ്തത, ഓക്‌സിജന്‍ ക്ഷാമം, ഉദ്യോഗസ്ഥരുടെ സഹകരണമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളാണ് ജനപ്രതിനിധികള്‍ കത്തില്‍ ഉയര്‍ത്തിയിരിക്കുന്നത്.
ബി.ജെ.പി.യുടെ ഫിറോസാബാദ് എം.എല്‍.എ. പപ്പു ലോധി, തന്റെ കൊവിഡ് രോഗിയായ ഭാര്യ ആഗ്രയിലെ മെഡിക്കല്‍ കോളേജില്‍ കിടയ്ക്കക്കായി കാത്ത് മൂന്നുമണിക്കൂര്‍ തറയില്‍ കിടക്കേണ്ടിവന്നതിന്റെ വീഡിയോദൃശ്യം പുറത്തുവിട്ടിരുന്നു. കൊവിഡ് ബാധിച്ച് ബി.ജെ.പി.യുടെ നാല് എം.എല്‍.എ.മാരാണ് ഇതിനിടയില്‍ മരിച്ചത്. ഉത്തര്‍പ്രദേശാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് നാലാമത്തെ സംസ്ഥാനം.