കൊവിഡ് : ഉന്നതതല അവലോകനയോഗം ഇന്ന് ; ഞായറാഴ്ച ലോക്ക്ഡൗണിലും രാത്രി കര്‍ഫ്യൂവിലും തീരുമാനമായേക്കും

Saturday, September 4, 2021

തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് ഉന്നതതല അവലോകനയോഗം ചേരും. വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ഞായറാഴ്ചത്തെ വാരാന്ത്യ ലോക്ക്ഡൗണിലും  രാത്രി കര്‍ഫ്യൂ പിന്‍വലിക്കണോ എന്നതിലുംയോഗം തീരുമാനമെടുക്കും.

നിലവിലെ കൊവിഡ് പ്രതിരോധ നടപടികളില്‍ മാറ്റം വരുത്തണോ എന്നതും യോഗം ചര്‍ച്ച ചെയ്യും. ജനങ്ങള്‍ക്ക് ബോധവത്കരണം എന്ന നിലയില്‍ രാത്രി കര്‍ഫ്യൂ തുടരണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. മുഖ്യമന്ത്രിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഒരാഴ്ചയ്ക്ക് ശേഷം രോഗവ്യാപനം നോക്കിയാകും തുടര്‍ നടപടികള്‍ എടുക്കുക.

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ ഇനി ഏര്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി  വ്യക്തമാക്കിയിരുന്നു. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സമ്പൂർണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തരുതെന്ന നിലപാടാണ് വിദഗ്ധര്‍ മുന്നോട്ടു വയ്ക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.