കൊവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ 30 വരെ തുടരണം ; സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്രം

Jaihind Webdesk
Friday, May 28, 2021

ന്യൂഡല്‍ഹി : രാജ്യത്ത് ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ 30 വരെ തുടരണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്രം. പ്രാദേശിക സാഹചര്യങ്ങളും ആവശ്യകതകളും വിലയിരുത്തി ഘട്ടം ഘട്ടമായി ഇളവ് നല്‍കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് ആലോചിക്കാമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ പ്രാദേശികമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ രാജ്യത്തുടനീളം കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ്കുമാര്‍ ഭല്ലയുടെ ഉത്തരവില്‍ പറയുന്നു. വ്യാപനം കുറഞ്ഞെങ്കിലും രാജ്യത്തെ സജീവ കേസുകള്‍ ഇപ്പോഴും ഉയര്‍ന്ന നിലയിലാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലോ ആശുപത്രി ബെഡുകളുടെ വിനിയോഗം 60 ശതമാനത്തിന് മുകളിലോ ഉള്ള ജില്ലകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ആഭ്യന്തര മന്ത്രാലയം പറയുന്നു.

ഏപ്രില്‍ 29-ന് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ജൂണ്‍ 30 വരെ തുടരണം. ഓക്‌സിജന്‍ കിടക്കള്‍, ഐസിയു കിടക്കകള്‍, വെന്‍റിലേറ്ററുകള്‍, താത്കാലിക ആശുപത്രികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്ക് നല്‍കിയ ഉത്തരവില്‍ വ്യക്തമാക്കി.