കൊവിഡ്: പ്രതിപക്ഷ മുന്നറിയിപ്പുകൾ ചെവിക്കൊണ്ടില്ല; പ്രതിരോധനടപടികൾ സർക്കാർ വൈകിപ്പിച്ചു

Jaihind News Bureau
Wednesday, March 25, 2020

തിരുവനന്തപുരം: കൊവിഡിനെ നേരിടാനുള്ള പല നടപടികളും സംസ്ഥാന സർക്കാർ വൈകിപ്പിച്ചു. മദ്യശാലകൾ പൂട്ടേണ്ടതിന്‍റെ  ആവശ്യകതയടക്കം പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിട്ടും അക്കാര്യങ്ങൾ ചെവിക്കൊള്ളാൻ സർക്കാർ തയ്യാറായില്ല. എന്നാൽ വൈകിയാണെങ്കിലും ഈ നിർദേശങ്ങളൊക്കെ സർക്കാരിന് നടപ്പിലാക്കേണ്ടതായും വന്നു.

കൊവിഡ് പ്രതിരോധത്തിനായി പ്രതിപക്ഷം മുന്നോട്ട് വച്ച പല നിർദേശങ്ങളും തുടക്കത്തിൽ തന്നെ സർക്കാർ അവഗണിക്കുകയായിരുന്നു. രോഗ വ്യാപനം തടയുന്നതിന് ക്ലീൻ ഹാൻഡ്സ് ചലഞ്ച് എന്ന ആശയം പ്രതിപക്ഷം മുന്നോട്ട് വച്ചത് മാർച്ച് 10നാണ്. എന്നാൽ അത് സർക്കാർ നടപ്പിലാക്കിയതാകട്ടെ മാർച്ച് 15 ന് മാത്രം. സംസ്ഥാനത്തെ ബാറും ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടണമെന്നതായിരുന്നു പ്രതിപക്ഷത്തിന്‍റെ മറ്റൊരു ആവശ്യം. മാർച്ച് 18 നായിരുന്നു ഈ ആവശ്യം പ്രതിപക്ഷം സർക്കാരിന്‍റെ മുൻപാകെ വച്ചത്. എന്നാൽ അതിനെ എല്ലാ ശക്തിയും ഉപയോഗിച്ച് എതിർക്കുകയാണ് സർക്കാരും മുഖ്യമന്ത്രിയും ചെയ്തത്.

ഒടുവിൽ ഗത്യന്തരമില്ലാതെ മാർച്ച് 23 ന് ബാറുകൾ മാത്രം പൂട്ടാൻ തീരുമാനമെടുത്തു. അപ്പോഴും ബിവറേജസ് ഔട്ട്‌ലെറ്റുകൾ സംസ്ഥാനത്ത് സുഗമമമായി തന്നെ പ്രവർത്തിച്ചു. ശക്തമായ പ്രതിഷേധം ഉണ്ടായിട്ടും ഇന്ന് മാത്രമാണ് ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടാൻ സർക്കാർ തയ്യാറായത്. രാജ്യം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ അത്തരമൊരു തീരുമാനമെടുക്കാൻ സർക്കാർ നിർബന്ധിതമായി തീരുകയായിരുന്നു എന്നതാണ് യാഥാർത്ഥ്യം.

മാർച്ച് 19ന് പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. അത് പിറ്റേദിവസം സർക്കാർ നടപ്പിലാക്കി. സംസ്ഥാനം അടിയന്തരമായി ലോക്ഡൗണിലേക്ക് പോകണമെന്ന ആവശ്യവും ആദ്യം ഉന്നയിച്ചത് പ്രതിപക്ഷമായിരുന്നു. പ്രതിപക്ഷത്തിന്‍റെ ആവശ്യത്തിന് പിന്നാലെ മാർച്ച് 23 ന് മുഖ്യമന്ത്രി കേരളം മുഴവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.കേരളത്തിന് വേണ്ടി പ്രതിപക്ഷം മുന്നോട്ട് വച്ച പല ആവശ്യങ്ങളും തുടക്കത്തിൽ സർക്കാർ ബോധപൂർവ്വം അവഗണിക്കുകയായിരുന്നു.

പ്രതിപക്ഷത്തിന്‍റെ നിർദേശങ്ങൾ അവഗണിച്ചതിലൂടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വീകരിക്കേണ്ട നടപടികൾ കൂടിയാണ് സർക്കാർ വൈകിപ്പിച്ചത്. മദ്യശാലകൾ പൂട്ടുന്നത് അടക്കമുളള കാര്യങ്ങളിൽ വലിയ കലതാമസമുണ്ടായെന്ന ആരോപണമാണ് ഈ ഘട്ടത്തിൽ ശക്തമാകുന്നത്.