കൊവിഡ് പ്രതിരോധത്തില്‍ മുന്നിലെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു; രോഗമുക്തി നിരക്കില്‍ ആദ്യ 15 സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇല്ല

Jaihind News Bureau
Sunday, June 28, 2020

രാജ്യത്ത് കൊവിഡ് മുക്തി നേടുന്നവരുടെ പട്ടികയിൽ ആദ്യ പതിനഞ്ചില്‍ കേരളം ഇല്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പട്ടികയില്‍ മേഘാലയയാണ് ഒന്നാം സ്ഥാനത്ത്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ, ഛത്തീസ്ഗഢ്, പഞ്ചാബ്, ജാർഖണ്ഡ് സംസ്ഥാനങ്ങൾ ആദ്യ പതിനഞ്ചിൽ ഇടം പിടിച്ചു.

5,28,859 പേർക്കാണ് രാജ്യത്താകെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 3,09,713 ആണ്. രാജ്യത്താകെ രോഗമുക്തി നേടുന്നവരുടെ നിരക്ക് 58.13 ശതമാനമാണ്.  മേഘാലയയാണ് രോഗമുക്തി ലഭിക്കുന്നവരുടെ എണ്ണത്തിൽ ഒന്നാമത്. 89.1 ശതമാനമാണ് മേഘാലയിൽ രോഗമുക്തി നേടുന്നവരുടെ നിരക്ക്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനാണ് തൊട്ടുപിന്നില്‍. 78.8 ശതമാനമാണ് രാജസ്ഥാനില്‍ രോഗമുക്തി ലഭിക്കുന്നവരുടെ നിരക്ക്. ഏറെ പ്രശംസ നേടിയ രാജസ്ഥാനിലെ ഭിൽവാര മോഡൽ കൊവിഡ് പ്രതിരോധം ഉൾപ്പെടെ നേരത്ത വലിയ ചർച്ച ആയിരുന്നു.

ഛത്തീസ്ഗഡ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ 70 ശതമാനത്തിന് മുകളിലാണ് കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണം. 65 ശതമാനത്തിന് മുകളിലാണ് പഞ്ചാബിലെ നിരക്ക്. കൊവിഡ് പ്രതിരോധത്തിൽ കേരളം ഏറെ മുന്നിലെന്ന് സംസ്ഥാന സർക്കാർ കൊട്ടിഘോഷിക്കുമ്പോഴാണ് രോഗമുക്തി നിരക്കില്‍ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആദ്യ പതിനഞ്ചിൽ ഉള്‍പ്പെടാത്തത്.