രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്‍റ് സ്റ്റഡീസ് സജ്ജമാക്കിയ കൊവിഡ് റിക്കവറി സെന്‍റര്‍ നടത്തിപ്പിനായി സര്‍ക്കാരിന് കൈമാറി; സമ്മതപത്രം രമേശ് ചെന്നിത്തല കളക്ടര്‍ക്ക് നല്‍കി

 

തിരുവനന്തപുരം: രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്‍റ് സ്റ്റഡീസ്(ആര്‍.ജി.ഐ.ഡി.എസ്) സജ്ജമാക്കിയ താത്ക്കാലിക കൊവിഡ് റിക്കവറി സെന്‍റര്‍ ( സി.ആര്‍.സി) നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാരിന് കൈമാറി. ഇതുസംബന്ധിച്ച സമ്മതപത്രം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ രമേശ് ചെന്നിത്തല തിരുവനന്തപുരം ജില്ലാ കളക്ടര്‍ ആര്‍.ഗോപാലകൃഷ്ണന് കൈമാറി.

വെന്‍റിലേറ്റര്‍, കേന്ദ്രീകൃത നിരീക്ഷണ സംവിധാനങ്ങള്‍, ഓക്സിജന്‍ പോയിന്‍റുകള്‍, ഇന്‍ഫ്യൂഷന്‍ പമ്പ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ അടങ്ങിയതാണ് സെന്‍റര്‍. 20 കിടക്കകളാണ് റിക്കവറി സെന്‍ററിലുള്ളത്. അഹമ്മദാബാദ് ആസ്ഥാനമായ അനന്ത് നാഷണല്‍ യൂണിവേഴ്സിറ്റി, പാര്‍ലമെന്‍റേറിയന്‍സ്  വിത്ത് ഇന്നവേറ്റേഴ്‌സ് ഫോര്‍ ഇന്ത്യ(പി.ഐ ഇന്ത്യ.org), ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് ആര്‍.ജി.ഐ.ഡി.എസ് കൊവിഡ് റിക്കവറി സെന്‍റര്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ പിഐ ഇന്ത്യ.orgയുടെ ദക്ഷിണേന്ത്യയിലെ ഏകോപന ചുമതല അനില്‍ കെ. ആന്‍റണിക്കാണ്. തിരുവനന്തപുരത്തിന് പുറമെ മുംബൈ, ബറൂച്ഛ് തുടങ്ങീ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിളും അനന്ത് നാഷണല്‍ യൂണിവേഴ്സിറ്റി കോവിഡ് റിക്കവറ്റി സെന്‍റര്‍ സ്ഥാപിക്കുന്നതിനായി സി.എസ്.ആര്‍ ഫണ്ട് ചെലവഴിക്കുന്നുണ്ട്.

റിക്കവറി സെന്‍റര്‍ സ്ഥാപിച്ച് വിട്ടുനല്‍കാനുള്ള സന്നദ്ധത അറിയിച്ച് രമേശ് ചെന്നിത്തല നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കിയിരുന്നു. ഇതിന് മുഖ്യമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. വിദേശത്തു നിന്നും പ്രവാസികള്‍ വലിയ തോതില്‍ മടങ്ങിയെത്തുമ്പോള്‍ അവരെ നിരീക്ഷിക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ പര്യാപ്തമല്ല; അത്തരമൊരു പ്രതിസന്ധി മുന്നില്‍ കണ്ടാണ് ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഡ് റിക്കവറി സെന്‍റര്‍ സ്ഥാപിക്കുന്നതിന് സന്നദ്ധമായി മുന്നോട്ട് വന്നതെന്ന് ചെയര്‍മാന്‍ രമേശ് ചെന്നിത്തല പറഞ്ഞു.

‘കോവിഡിന് ശേഷമുള്ള ഇന്ത്യ: വെല്ലുവിളികളും മുന്‍ഗണനകളും’ എന്നവിഷയത്തെ അധികരിച്ച് ആര്‍.ജി.ഐ.ഡി.എസ് വെബിനാര്‍ പരമ്പരയും നടത്തിവരികയാണ്. ഇതിനു പുറമെ, കോവിഡ് കേരളത്തിലുണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് പഠിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദഗ്ധ സമിതിയെയും നിയോഗിച്ചിരുന്നു. സാമ്പത്തികം, സാമൂഹികം, ആരോഗ്യം, കാര്‍ഷികം, വ്യവസായികം തുടങ്ങിയ മേഖലകളില്‍ കോവിഡ് ഉണ്ടാക്കിയതും ഉണ്ടാക്കാനിടയുള്ളതുമായ ആഘാതതത്തെ കുറിച്ചാണ് സമിതി പഠനം നടത്തുന്നത്. അടുത്ത മാസം ആദ്യത്തോടെ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.

Comments (0)
Add Comment