കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം : ദുബായില്‍ ഇന്ത്യക്കാരുടേത് ഉള്‍പ്പടെ 53 ഭക്ഷ്യ സ്ഥാപനങ്ങള്‍ പൂട്ടിച്ചു

Jaihind Webdesk
Sunday, April 18, 2021

ദുബായ് : കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് ദുബായില്‍ ഇന്ത്യക്കാരുടേത് ഉള്‍പ്പടെ 53 ഭക്ഷ്യ സ്ഥാപനങ്ങള്‍ പൂട്ടിച്ചു. ഈ വര്‍ഷം ആദ്യ മൂന്നു മാസത്തെ കണക്കാണിത്. ഇതോടൊപ്പം, 1,133 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഭക്ഷ്യ ഉല്‍പന്നങ്ങളും വസ്തുക്കളും കൊണ്ടുപോകുന്നതിനും സംഭരിക്കുന്നതിനും തയ്യാറാക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള നിയമാവലി പാലിക്കാത്ത ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് എതിരെയാണ് നടപടി സ്വീകരിച്ചത്. ഇപ്രകാരം, ഈ വര്‍ഷം ആദ്യ മൂന്നു മാസത്തിനുള്ളില്‍, ദുബായ് മുനിസിപ്പാലിറ്റി 13,775 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഇതില്‍ 12,438 സ്ഥാപനങ്ങള്‍ നിയമം പാലിച്ചതായി കണ്ടെത്തി. എന്നാല്‍, നിയമം ലംഘിച്ചതിന് ഇന്ത്യക്കാരുടേത് ഉള്‍പ്പടെ 53 ഭക്ഷ്യ സ്ഥാപനങ്ങള്‍ പൂട്ടിച്ചു. ഇതില്‍ മലയാളി സ്ഥാപനങ്ങളും ഉണ്ടെന്ന് അറിയുന്നു.

അതേസമയം, റമദാനില്‍ പരിശോധന കൂടുതല്‍ ഊര്‍ജിതമാക്കി. ഏറ്റവും പ്രധാനപ്പെട്ട നിയമ ലംഘനം, സാമൂഹിക അകലം പാലിക്കാത്തതാണ്. കൂടാതെ, മാസ്‌കുകളും കയ്യുറകളും ധരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അധികൃതര്‍ കണ്ടെത്തി. ഇതിനിടെ, ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും മുനിസിപ്പാലിറ്റി പരിശോധന നടത്തി വരുകയാണ്. നിയമലംഘകര്‍ക്ക് പിഴ ചുമത്തുമെന്നും അധികൃതര്‍ മുന്നിറിയിപ്പ് നല്‍കി.