നിരോധനാജ്ഞ ലംഘിച്ച് സിപിഎമ്മിന്‍റെ രക്തസാക്ഷി ദിനാചരണം; സമ്മേളനം നടന്നത് മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലത്തിൽ

Jaihind News Bureau
Sunday, October 11, 2020

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിയോജക മണ്ഡലത്തിൽ നിരോധനാജ്ഞ ലംഘിച് സിപിഎമ്മിന്‍റെ രക്തസാക്ഷി ദിനാചരണം. വാളാങ്കിചാലിലെ മോഹനന്‍റെ രക്തസാക്ഷി ദിനമാണ് സിപിഎമ്മിന്‍റെ നേതൃത്വത്തിൽ നിരോധനാജ്ഞ ലംഘിച്ച് നിരവധി പേർ പങ്കെടുത്ത അനുസ്മരണ സമ്മേളനം നടത്തിയത്. ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍റെ നേതൃത്വത്തില്‍ നേതാക്കൾ ഉൾപ്പടെ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു.

കെ മോഹനൻ രക്തസാക്ഷി ദിനത്തിന്‍റെ ഭാഗമായി വാളാങ്കിചാലിലെ സ്മൃതികുടീരത്തിൽ നടന്ന പുഷ്പാർച്ചനയിലും അനുസ്മരണ സമ്മേളനത്തിലുമാണ് നിരോധനാജ്ഞ ലംഘിച്ച് കൊണ്ട് നിരവധി സിപിഎം പ്രവർത്തകർ പങ്കെടുത്തത്. രക്തസാക്ഷി ദിനത്തിന്‍റെ ഭാഗമായുള്ള കൊടി ഉയർത്തിയത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ആയിരുന്നു.

നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ 5-ൽ കൂടുതൽ ആളുകൾ കൂടി നിൽക്കാൻ പാടില്ല എന്നാണ് ചട്ടം.ഇത് കാറ്റിൽ പറത്തി കൊണ്ട് 100ൽ അധികം പേരാണ് രക്തസാക്ഷി ദിന അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തത്.

ജില്ലാ കമ്മിറ്റിയംഗം പി ബാലൻ, പിണറായി ഏരിയ സെക്രട്ടറി കെ ശശിധരൻ തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു. രക്തസാക്ഷി ദിനാചരണത്തില്‍ നിരവധി ആളുകള്‍ പങ്കെടുത്തതായി സിപിഎം പിണറായി ഏരിയ കമ്മിറ്റിയുടെ ഫേസ്ബുക്ക് ലൈവില്‍ തന്നെ വ്യക്തമായിരുന്നു. ഈ ചടങ്ങ് ഫെയിസ് ബുക്ക് പേജിൽ ലൈവ് കാണിക്കുകയും ചെയ്തു. നിയമ ലംഘനത്തിന് എതിരെ കേസ് എടുക്കേണ്ട കൂത്ത്പറമ്പ് പൊലീസാവട്ടെ തങ്ങളുടെ പരിധിയിൽ നടന്ന നിയമ ലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ്. മരിച്ച വീട്ടിൽ 20 ൽ കൂടുതൽ ആളുകൾ കൂടുവാൻ പാടില്ല എന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് രക്തസാക്ഷി അനുസ്മരണത്തിന്‍റെ പേരിൽ നിയമലംഘനം നടന്നത്.