കൊവിഡ് പ്രതിരോധം: ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് 94.5 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ കൈമാറി ഡീന്‍ കുര്യാക്കോസ് എം.പി

Jaihind News Bureau
Saturday, May 30, 2020

ഇടുക്കി: എം.പി ഫണ്ട് വിനിയോഗിച്ച് വാങ്ങിയ 94.5 ലക്ഷം രൂപയുടെ ഉപകരണങ്ങൾ ഡീൻ കുര്യാക്കോസ് എം.പി ഇടുക്കി മെഡിക്കൽ കോളേജിന്  കൈമാറി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 1 കോടി 48 ലക്ഷം രൂപയാണ് ഡീൻ കുര്യാക്കോസ് എം.പി ഫണ്ടിൽ നിന്നും അനുവദിച്ചത്.

കൊവിഡ്  പ്രതിരോധന പ്രവർത്തനങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലയിലെ വിവിധ ആശുപത്രികളിലേക്കായി ഡീൻ കുര്യാക്കോസ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1 കോടി 48 ലക്ഷം രൂപയിൽ 94.5 ലക്ഷം രൂപയുടെ ഉപകരണങ്ങൾ ഇടുക്കി മെഡിക്കൽ കോളേജിന് എം.പി. ഡീൻ കുര്യാക്കോസ് കൈമാറി. രണ്ട് ഐ.സി.യു വെൻറിലേറ്റർ, മൂന്ന് കാർഡിയാക് ഡിഫ്രീബിലേറ്റർ, എട്ട് മൾട്ടി പാരാമീറ്റർ മോണിറ്റർ,  ക്രിട്ടിക്കൽ കെയർ ഉപകരണങ്ങൾ എന്നിവയാണ് എത്തിയത്. ശേഷിക്കുന്ന  ഉപകരണങ്ങൾ കൂടി ഉടൻതന്നെ എത്തുമെന്നും ഇത്  ജില്ലയിലെ ആരോഗ്യ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

ഇടുക്കി മെഡിക്കൽ കോളേജിൽ മെച്ചപ്പെട്ട ആധുനിക ചികിത്സ ഏർപ്പെടുത്തുന്നതിന് കൂട്ടായ പരിശ്രമവും ആത്മാർത്ഥമായ പ്രവർത്തനങ്ങളും അനിവാര്യമാണെന്നും എം.പി ഫണ്ടിന് വിലക്ക് ഉണ്ടെങ്കിലും അടിയന്തിര സ്വഭാവമുള്ള കാര്യങ്ങൾ തന്‍റെ ശ്രദ്ധയിൽപ്പെടുത്തിയാൽ ഏതു വിധേനയും സാധ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.  ഇടുക്കി പാർലമെന്‍റ് മണ്ഡലത്തിൽ ആകെ 1 കോടി 48 ലക്ഷം രൂപയാണ് എം.പി ഫണ്ടിൽ നിന്ന് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി അനുവദിച്ചത്.

അടിയന്തരമായി ഇടുക്കി  മെഡിക്കൽ കോളേജിനോടനുബന്ധിച്ച്  വൈറോളജി ലാബ് ആരംഭിക്കാൻ എല്ലാവരുടേയും കൂട്ടായ പ്രവർത്തനമുണ്ടാകണമെന്നും എം.പി ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യാ പൗലോസ്,  കളക്ടർ എച്ച് ദിനേശൻ, ഡി.എം.ഒ ഡോ.  എൻ പ്രിയ മറ്റ്  ഉദ്യോഗസ്ഥർ  പൊതു പ്രവർത്തകർ തുടങ്ങിയവർ പങ്കെെടുത്തു.