രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4000 പിന്നിട്ടു

Jaihind News Bureau
Monday, April 6, 2020

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4000 പിന്നിട്ടു. 4069 പേരാണ് നിലവിൽ രാജ്യത്തെ കൊവിഡ് രോഗ ബാധിതർ. 12 മണിക്കൂറിനിടയിൽ 490 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 109 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ലോക്ക് ഡൗണ് പിൻവലിച്ചാലും കൊവിഡ് ഹോട്ട് സ്പോട്ട് മേഖലകൾ അടച്ചിടാൻ തീരുമാനം.

ഏറ്റവും അവസാനമായി മരണം റിപ്പോർട്ട് ചെയ്തത് പഞ്ചാബിലാണ്. ഇതോടെ പഞ്ചാബിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7 ആയി. രാജസ്ഥാനിൽ 6 പുതിയ കോവിഡ് പോസിറ്റീവ് ഫലങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതിൽ 5 പേർ കഴിഞ്ഞ ദിവസം മരിച്ച 60 വയസുകാരിയുടെ ബന്ധുക്കളാണ്.

23 പേർക്കാണ് മധ്യപ്രദേശിലെ ഭോപ്പാലിൽ കോവിഡ് സ്ഥിധികരിച്ചത്. ഭോപ്പാലിൽ ഇതുവരെ രോഗം സ്ഥിരീകരിച്ച 40 പേരിൽ 20 പേരും നിസാമുദീനിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്.

ഇതുവരെ രാജ്യത്ത് 89534 സാമ്പിളുകളാണ് കോവിഡ് പരിശോധനക്ക് വിധേയമാക്കിയത്. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം രാജ്യത്ത് 3577 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിയന്ത്രിത തോതിൽ ലോക്ഡൗൻ പിൻവലിക്കുന്നതിനെക്കുറിച്ച് ഇന്ന് ചേരുന്ന പൂർണ മന്ത്രിസഭ യോഗം ചർച്ച ചെയ്യും.

കോഴിക്കോട് :

ജില്ലയില്‍ അഞ്ചു പേർക്ക് കൂടി ഇന്നലെ കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ നാല് പേർ നിസാമുദ്ദീൻ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഒരാള്‍ ദുബായിയിൽ നിന്നും എത്തിയതും. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി. അതെസമയം തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് യാതൊരു രോഗലക്ഷണവും ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

എറണാകുളം :

ജില്ലയിൽ പുതുതായി ആർക്കും കൊവിഡ് 19 സ്ഥിരീകരിച്ചില്ല. എന്നാൽ ജില്ലയിൽ കർശന നിരീക്ഷണങ്ങളും പരിശോധനകളും തുടരുകയാണ്.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയിൽ ഒരാൾക്ക് കുടി രോഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ നിന്നുമെത്തിയ 19 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സഞ്ചാരപഥം പ്രസിദ്ധീകരിച്ചു. ഡൽഹിയിൽ നിന്നുമെത്തിയ പന്തളം സ്വദേശിനിയായ വിദ്യാർത്ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്.

പ്രകടമായ രോഗലക്ഷണമില്ലാത്ത കൊറോണാ ബാധിതർ ജില്ലയിൽ ഇനിയും ഉണ്ടാകാമെന്ന് പത്തനംതിട്ട ഡിഎംഒ. ഈ അവസ്ഥ പഠന വിധേയമാക്കേണ്ടതാണെന്നും റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകൾ ജില്ലയിൽ ലഭ്യമാക്കുമെന്നും ഡിഎംഒ അറിയിച്ചു. ആദ്യഘട്ട റാപ്പിഡ് ടെസ്റ്റിൽ പത്തനംതിട്ടയെ ഉൾപ്പെടുത്തിയിട്ടില്ല. ഹോട്ട് സ്പോട്ടിൽ നിന്നെത്തിയവരുടെയും ഹോട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയവരുടെയും സാമ്പിളുകൾ പരിശോധിക്കുമെന്നും ഡിഎംഒ പറഞ്ഞു.