ഓക്സിജന്‍ ലഭിക്കാതെ കൊവിഡ് രോഗികള്‍ മരിച്ചു ; സംഭവം തമിഴ്നാട്ടിലെ ആശുപത്രിയില്‍, പ്രതിഷേധം

Jaihind Webdesk
Tuesday, April 20, 2021

തമിഴ്‌നാട്ടിൽ ഓക്‌സിജൻ കിട്ടാതെ കൊവിഡ് രോഗികള്‍ മരിച്ചു. വെല്ലൂർ സർക്കാർ ആശുപത്രിയിലാണ് ദാരുണമായ സംഭവം.  ഓക്‌സിജൻ വിതരണ ശൃംഖലയിലെ പിഴവാണ് കാരണം. അധികൃതരുടെ വീഴ്ചയാണ് കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു.

കൊവിഡ് വാർഡിലുണ്ടായിരുന്ന രണ്ട് പേരും തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന നാലു പേരുമടക്കം ആറു പേരാണ് വെല്ലൂരിലെ സർക്കാർ ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ മരിച്ചത്. ഓക്‌സിജൻ വിതരണ ശൃംഖലയിലെ സാങ്കേതിക പിഴവാണ് ഓക്‌സിജൻ മുടങ്ങാൻ കാരണം എന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. വിതരണ ശൃംഖലയിലെ സാങ്കേതിക പ്രശ്‌നം മിനിറ്റുകൾക്കകം പരിഹരിച്ചുവെന്നാണ് ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കാരണമെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിക്ക് മുന്നില്‍ ഇവർ പ്രതിഷേധിച്ചു. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.

ഇതിനിടെ കൊവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ ഇന്ന് മുതൽ നിലവിൽ വരും. രാത്രി 10 മുതൽ പുലർച്ച നാല് വരെയാണ് കർഫ്യൂ. രാത്രി കാല കർഫ്യൂ സമയങ്ങളിൽ പൊതു-സ്വകാര്യ ഗതാഗതങ്ങൾ അനുവദിക്കില്ല. എന്നാൽ മാധ്യമങ്ങൾ, പെട്രോൾ പമ്പുകൾ,അവശ്യവസ്തുക്കളുടെ നിർമാണത്തിൽ
ഏർപ്പെടുന്നവർ എന്നിവരെ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

* SymbolicImage