പത്തനംതിട്ട : കൊവിഡ് ബാധിച്ച യുവതിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിനുണ്ടായത് ഗുരുതര വീഴ്ച. കൊവിഡ് രോഗികള്‍ക്കൊപ്പം ആരോഗ്യപ്രവര്‍ത്തകർ ആംബുലന്‍സില്‍ ഒപ്പമുണ്ടാകണമെന്ന നിർദേശം നിലനിൽക്കെയാണ് ആറന്മുളയിൽ രാത്രി ആംബുലൻസ് ഡ്രൈവര്‍ തനിച്ച് യുവതിയായ രോഗിയുമായി സഞ്ചരിച്ചത്.
അതേസമയം അറസ്റ്റിലായ കായംകുളം സ്വദേശി നൗഫൽ കൊലക്കേസ് പ്രതിയാണ്. ഇയാള്‍ ക്രിമിനൽ കേസിലെ പ്രതിയാണെന്ന് പത്തനംതിട്ട എസ്.പി കെ.ജി സൈമണ്‍ വ്യക്തമാക്കി. 2018 ൽ ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസുണ്ട്. പിന്നീടാണ് ഇയാള്‍ 108 ആംബുലൻസിൽ ഡ്രൈവറായതെന്നും എസ്.പി പറഞ്ഞു.
പെൺകുട്ടിയുടെ വീട്ടുകാര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷം ഒരു ബന്ധുവീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു പെൺകുട്ടി. സ്രവ പരിശോധനയിൽ കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായതോടെ അടൂരിലുള്ള ബന്ധുവീട്ടിൽ നിന്നും പെൺകുട്ടിയെ ആംബുലൻസിൽ കയറ്റി പന്തളത്തേക്ക് മാറ്റുകയായിരുന്നു. ആംബുലൻസിൽ പെൺകുട്ടിക്കൊപ്പം കൊവിഡ് രോഗിയായ 40 വയസുകാരിയായ സ്ത്രീ കൂടിയുണ്ടായിരുന്നു. ഇവരെ കോഴഞ്ചേരിയിലെ ജനറൽ ആശുപത്രിയിൽ ഇറക്കിയ ശേഷമാണ് പെൺകുട്ടിയെ പന്തളത്തെത്തിച്ചത്.
അടൂരിൽ നിന്നും പന്തളത്തേക്ക് എത്താൻ എളുപ്പമാണന്നിരിക്കെ പ്രതി മനപ്പൂര്‍വം കോഴഞ്ചേരി വഴി കൂടുതൽ ദൂരം സഞ്ചരിക്കുകയായിരുന്നു. ആറമ്മുളയിലെ ഒരു ഗ്രൗണ്ടിൽ വെച്ചാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. ആശുപത്രിയിലെത്തിച്ച ശേഷം പെൺകുട്ടി ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായതെന്നും എസ്.പി കെ.ജി സൈമണ്‍ വിശദീകരിച്ചു. പ്രതിയുടെ സംസാരം യുവതി റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ആരോടും പറയരുതെന്ന് പ്രതി പെണ്‍കുട്ടിയോട് പറഞ്ഞിരുന്നു.
പിന്നീട് പെൺകുട്ടിയെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ആംബുൻസിൽ തന്നെ എത്തിച്ചു. ഇവിടെ ഇറങ്ങിയ പെൺകുട്ടി അലറിക്കരഞ്ഞുകൊണ്ടാണ് ആശുപത്രിയിലേക്ക് കയറിയത്. ഈ സമയം ആംബുൻസ് ഡ്രൈവർ വാഹനവുമായി കടന്നു. ഇയാളെ അടൂർ പൊലീസ് പിടികൂടുകയായിരുന്നു. മൊഴിയെടുക്കലും വൈദ്യപരിശോധനയും പിന്നീട് നടത്തുമെന്നും എസ്.പി കെ.ജി സൈമൺ പറഞ്ഞു.