ഐ.സി.യു കിടക്ക ലഭിച്ചില്ല ; പത്തനംതിട്ടയിൽ കൊവിഡ് രോഗി മരിച്ചു

Jaihind Webdesk
Thursday, May 6, 2021

പത്തനംതിട്ട : ഐ.സി.യുവിൽ കിടക്ക ലഭിക്കാത്തതിനെ തുടർന്ന് പത്തനംതിട്ടയിൽ കൊവിഡ് ബാധിതനായ യുവാവ് മരിച്ചു. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്ക് ശ്രീധനിയിൽ റിട്ട. ഫോറസ്റ്റ് ഉദ്യോഗസ്ഥൻ എം.കെ.ശശിധരന്‍റെ മകൻ ധനീഷ് കുമാർ (38) ആണ് മരിച്ചത്. ഓക്സിജൻ ലെവൽ താഴ്ന്നതിനെ തുടർന്ന് സർക്കാർ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ കിടക്ക ഒഴിവില്ലെന്ന അറിയിപ്പാണ് ബന്ധുക്കൾക്ക് ലഭിച്ചത്.

എട്ട് ദിവസം മുമ്പാണ് ധനീഷ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്. പനിയും ചുമയും കഫക്കെട്ടും അനുഭവപ്പെട്ടതിനെ തുടർന്ന് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഓക്സിജന്റെ അളവ് കുറയുകയാണെങ്കിൽ മാത്രം ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ട ആവശ്യമുള്ളൂ എന്ന് പറഞ്ഞ് ആശുപത്രി അധികൃതർ വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പുലർച്ചെ സ്ഥിതി കൂടുതൽ വഷളാകുകയായിരുന്നു. ഓക്സിജന്റെ അളവ് 80 ൽ താഴെയായി. പഞ്ചായത്ത് അംഗം ഫിലിപ് അഞ്ചാനി ജില്ലാ കൊവിഡ് കൺട്രോൾ സെല്ലിൽ അറിയിച്ചെങ്കിലും കൊവിഡ് ചികിത്സയുള്ള 2 സർക്കാർ ആശുപത്രികളിലും ഐ.സി.യു കിടക്ക ഒഴിവില്ലെന്നായിരുന്നു മറുപടി ലഭിച്ചത്. പ്രൈവറ്റ് ആശുപത്രികളിലും സമാനമായ സ്ഥിതിയാണ് ഉള്ളതെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.

രോഗിയുടെ നില കൂടുതൽ മോശമാകുന്നുവെന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അറിയിച്ചപ്പോൾ കൊണ്ട് വരാൻ നിർദേശിച്ചെങ്കിലും ആംബുലൻസ് വൈകുമെന്നതിനാൽ വീട്ടുകാർ കാറിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പിന്നീട് കോഴഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

അതേസമയം, സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ഓക്‌സിജന്റെ ആവശ്യവും വർധിച്ചിരിക്കുകയാണ്. ഓക്‌സിജന്‍ സ്‌റ്റോക്ക് വളരെവേഗം കുറയുന്നുണ്ടെന്നും മതിയായ കരുതല്‍ ശേഖരം ഉണ്ടാക്കാന്‍ കേന്ദ്ര സഹായം ആവശ്യമാണെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു.