മലപ്പുറത്തെ 85 കാരന്‍റെ മരണകാരണം കൊവിഡല്ല; സംസ്ക്കാര ചടങ്ങുകൾക്ക് കൊവിഡ് പ്രോട്ടോക്കോൾ വേണ്ട; ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കണം

Jaihind News Bureau
Saturday, April 18, 2020

മലപ്പുറം കൊവിഡ് 19 സ്ഥിരീകരിച്ച 85 കാരന്‍റെ മരണകാരണം കൊവിഡല്ലെന്ന് സ്ഥിരീകരിച്ചു. മരണകാരണം കടുത്ത അണുബാധയാണെന്നും ജില്ലാ ഭരണകൂടം. അതേസമയം സംസ്കാര ചടങ്ങുകൾ കൊവിഡ് പ്രോട്ടോകോൾ പ്രകാരം അല്ലെങ്കിലും ലോക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

വിദഗ്ദ്ധ ചികിത്സയെ തുടര്‍ന്ന് വീരാൻ കുട്ടിക്ക് കൊവിഡ് ഭേദമായെങ്കിലും 30 വര്‍ഷമായി ഹൃദ്‌രോഗം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നതിനാലാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടര്‍ന്നിരുന്നത്. മരണ കാരണം കൊവിഡല്ല. സംസ്ക്കാര ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരവുമല്ല. എന്നാൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കണമെന്നും ആരോഗ്യ മന്തി കെ.കെ ശൈലജ പറഞ്ഞു.

മാര്‍ച്ച് 31നാണ് വൈറല്‍ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് വീരാൻകുട്ടിയെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ 3 ന് ലഭിച്ച പരിശോധനാ റിപ്പോര്‍ട്ടില്‍ ഇയാള്‍ക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സക്കു ശേഷം ഏപ്രില്‍ 7, 10 തീയ്യതികളില്‍ നടത്തിയ തുടര്‍ച്ചയായ രണ്ട് പരിശോധനാ ഫലങ്ങളില്‍ വൈറസ് ബാധ ഭേദമായതായും സ്ഥിരീകരിച്ചു.

എന്നാൽ ഏപ്രില്‍ 13 ന് രോഗിക്ക് അതികഠിനമായ നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ടു.തുടർന്ന് പരിശോധനകളിലൂടെ ഹൃദയാഘാതമുണ്ടായതായി കണ്ടെത്തി. ഏപ്രില്‍ 13 ന് മൂന്നാമത്തെ സാമ്പിള്‍ പരിശോധനാ ഫലത്തിലും കൊവിഡ് നെഗറ്റീവായി. എന്നാൽ ഏപ്രില്‍ 14 ന് രോഗിക്ക് അക്യൂട്ട് കിഡ്‌നി ഇഞ്ചുറി ഉണ്ടായതായി കണ്ടെത്തി.

ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായ രോഗിക്ക് ഏപ്രില്‍ 16 ന് കഠിനമായ പനി അനുഭവപ്പെടുകയും തുടര്‍ പരിശോധനയില്‍ മൂത്രത്തില്‍ പഴുപ്പ് ബാധിച്ചതായി കണ്ടെത്തുകയും ചെയ്തു. പിന്നീട് രോഗി മരുന്നുകളോട് പ്രതികരിക്കാതിരുന്നതിനാൽ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് രോഗി ഇന്ന് പുലര്‍ച്ചെ 4 മണിയോടെ മരണപ്പെടുകയായിരുന്നു.