ആരോഗ്യ പ്രവർത്തകർക്കെതിരായ നടപടിയിൽ പ്രതിഷേധം; കൂട്ടരാജിയുമായി കൊവിഡ് നോഡൽ ഓഫീസർമാർ

Jaihind News Bureau
Saturday, October 3, 2020

ആരോഗ്യ പ്രവർത്തകർക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഡോക്ടർമാരുടെ കൂട്ടരാജി.  അധിക ചുമതല ചെയ്യേണ്ടതില്ലെന്ന പൊതു തീരുമാനം എടുത്ത ശേഷമാണ്  കൊവിഡ് നോഡൽ ഓഫീസർമാർ സർക്കാരിന് രാജിക്കത്ത് നൽകിയത്. സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം.  സസ്‌പെൻഷൻ പിൻവലിച്ചില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്‌ക്കരിക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ഡോക്ടർമാർ റിലേ സത്യാഗ്രഹ സമരവും തുടരുകയാണ്.  കൊവിഡ് ചികിത്സയും പ്രതിരോധവും ആയി ബന്ധപ്പെട്ട കാര്യങ്ങൾ ഇതോടെ താളംതെറ്റുന്ന അവസ്ഥയിലാണ്.

തിരുവനന്തപുരം മെഡിക്കൽ കോളേഡ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ആരോഗ്യ പ്രവർത്തകർക്കെതിരായ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാർ സമരം തുടരുന്നത്.  ജീവനക്കാരുടെ കുറവ് നികത്താൻ നടപടി എടുക്കാത്ത സർക്കാർ ആണ് ഇത്തരം സംഭവങ്ങൾക്ക് ഉത്തരവാദി എന്നാണ് ഡോക്ടർമാരുടെ നിലപാട്.

 48 മണിക്കൂർ പ്രതിഷേധമാണ് സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ 8 മുതൽ 10 വരെ ഒപി ബഹിഷ്കരിച്ചു. ഇതേത്തുടർന്ന് ഡോക്ടർമാരുടെ റിലേ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു.  അതേസമയം നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കൂടിയതിന് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ  നോഡൽ ഓഫീസർ ഡോ.അരുണ, ഹെഡ് നഴ്സുമാരായ ലീന കുഞ്ചൻ , രജനി കെ വി എന്നിവരെ സസ്പെന്‍റ് ചെയ്ത  നടപടി പിൻവലിക്കില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയതോടെയാണ് ഡോക്ടർമാരുടെ സംഘനയായ കെ.ജി.എം.സി.ടി.എ, നഴ്സുമാരുമാരുടെ സംഘടനയായ കെ.ജി.എൻ.എ തുടങ്ങി വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്.
കൊവിഡ് പ്രതിരോധത്തിൽ മുൻ നിര പോരാളികളായ ആരോഗ്യ പ്രവർത്തകരുടെ നടപടി പിൻവലിച്ചില്ലെങ്കിൽ കൊറോണ ഇതര ജോലികൾ ബഹിഷ്ക്കരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് സംഘടനകളുടെ ഔദ്യോഗിക വക്താക്കൾ അറിയിച്ചു.