കൊവിഡ് : വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് ; ജനം തടിച്ചുകൂടിയാൽ ഉദ്യോഗസ്ഥർ ഉത്തരവാദി

Jaihind Webdesk
Thursday, July 15, 2021

ന്യൂഡൽഹി: ജനങ്ങൾ കോവിഡ് മാതൃകാപെരുമാറ്റച്ചട്ടം പാലിക്കുന്നില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വ്യക്തിപരമായി ഉത്തരവാദികളായി കണക്കാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മാർക്കറ്റുകളിലും മാളുകളിലും വാണിജ്യസമുച്ചയങ്ങളിലും ഉൾപ്പെടെ പെരുമാറ്റച്ചട്ടം പാലിക്കാതെ ആളുകൾ തടിച്ചുകൂടിയാൽ അവിടെ ഹോട്ട്‌സ്പോട്ടായി കണക്കാക്കി വീണ്ടും നിയന്ത്രണം ഏർപ്പെടുത്താനും കേന്ദ്രം നിർദേശിച്ചു.

കൊവിഡ് രണ്ടാംതരംഗം ഇനിയും അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തിലും ജനങ്ങൾ വിനോദസഞ്ചാരകേന്ദ്രങ്ങളിലടക്കം തടിച്ചുകൂടുന്നതിനാലുമാണ് കേന്ദ്ര ആഭ്യന്തരസെക്രട്ടറി അജയ്‌കുമാർ ബല്ല കർശനമായി നിയന്ത്രണങ്ങൾ തുടരാൻ ബുധനാഴ്ച സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കത്തയച്ചത്.

ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വളരെ ശ്രദ്ധയോടെ, സാവധാനം വേണമെന്ന് ആഭ്യന്തരസെക്രട്ടറി കത്തിൽ ആവർത്തിച്ചു. ഷോപ്പിംഗ് മാളുകൾ, മാർക്കറ്റുകൾ, ആഴ്ചച്ചന്തകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ, മണ്ഡികൾ, ബസ്-റെയിൽവേ സ്റ്റേഷനുകൾ, പാർക്കുകൾ, ജിംനേഷ്യങ്ങൾ, സ്റ്റേഡിയങ്ങൾ, കല്യാണവേദികൾ തുടങ്ങിയവ ഹോട്ട്സ്പോട്ടുകളായതിനാൽ പെരുമാറ്റച്ചട്ടങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തിപരമായി ഉറപ്പാക്കണം. ഇല്ലെങ്കിൽ നിലവിലുള്ള നിയമപ്രകാരം കർശനനിയന്ത്രണങ്ങൾ തിരികെക്കൊണ്ടുവരണം.

കൊവിഡ് രണ്ടാംതരംഗം ഇനിയും അവസാനിച്ചിട്ടില്ലാത്തതിനാൽ വാക്സിനേഷൻ വൻതോതിൽ വർധിക്കുന്നതുവരെ അലസസമീപനങ്ങൾ പാടില്ല. ജനങ്ങൾ തടിച്ചുകൂടുന്ന പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ ജില്ലാ അധികാരികൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശം നൽകണമെന്ന് ആഭ്യന്തരസെക്രട്ടറി ചീഫ് സെക്രട്ടറിമാർക്കയച്ച കത്തിൽ പറഞ്ഞു.