ഒമിക്രോണ്‍ അത്യന്തം അപകടകാരി; കൊവിഡിന്‍റെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദമെന്ന് ലോകാരോഗ്യ സംഘടന

Jaihind Webdesk
Saturday, November 27, 2021

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം അത്യന്തം അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന. അതിവേഗം പകരുന്നതാണ് ഒമിക്രോണ്‍ എന്നുപേരിട്ട പുതിയ വകഭേദം. അതിനിടെ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് വിവിധ രാജ്യങ്ങള്‍ യാത്രാവിലക്കേര്‍പ്പെടുത്തി.

അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. യഥാർത്ഥ കൊറോണ വൈറസിൽ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോൺ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യത കൂടുതലാണ്. ഒട്ടേറെത്തവണ പരിവർത്തനം സംഭവിച്ച കൊവിഡ് വൈറസ് വകഭേദമാണ് ഒമിക്രോണ്‍. മനുഷ്യരിലെ രോഗപ്രതിരോധ ശേഷി കുറയ്ക്കാനും അതിവേഗം പകരാനും പുതിയ വകഭേദത്തിന് ശേഷിയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഒമിേക്രാണ്‍ ആദ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് വ്യാപനം ക്രമാതീതമായി വര്‍ധിച്ചത് ഈ ആശങ്കയ്ക്ക് ആക്കംകൂട്ടുന്നു. അതുകൊണ്ടാണ് ഇതുവരെ ഉണ്ടായതില്‍ എറ്റവും അപകടകാരിയായ വൈറസ് എന്ന് ലോകാരോഗ്യ സംഘടന ഒമിക്രോണിനെ വിശേഷിപ്പിച്ചത്.

ബെൽജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പിന്നാലെ അമേരിക്ക, യുകെ, ജപ്പാൻ, സിംഗപ്പൂർ, യുഎഇ , ബ്രസീൽ തുടങ്ങിയ രാഷ്ട്രങ്ങൾ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം പ്രഖ്യാപിച്ചു. ആഫ്രിക്കൻ രാജ്യങ്ങൾക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും ഇന്നലെ ഒമിക്രോണിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു. നിലവിൽ ദക്ഷിണാഫ്രിക്ക, ഹോങ്കോംഗ്, ഇസ്രായേൽ, ബോറ്റ്സ്വാന, ബെൽജിയം എന്നീ രാജ്യങ്ങളിലായി നൂറോളം പേരിലാണ് ഒമക്രോണിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. സ്ഥിതി വിലയിരുത്താൻ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

നിലവില്‍ ലഭ്യമായ വാക്‌സീനുകള്‍ക്ക് ഒമിക്രോണിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. ഇതേകുറിച്ച് വ്യക്തത വരുത്താന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമുണ്ടെന്നും അതിന് ആഴ്ചകള്‍ എടുക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.