ദുബായ് : യുഎഇയിലേക്ക് മടങ്ങിവരുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇതനുസരിച്ച്, ജൂലൈ ഒന്ന് മുതല്‍ രാജ്യത്തേക്ക് മടങ്ങി വരുന്നവര്‍ക്കാണ് ഈ നിയമം ബാധകമാവുക.
യുഎഇ ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് ഈ സുപ്രധാന ഉത്തരവ് ഇറക്കിയത്. ഇതനുസരിച്ച്, ജൂലൈ ഒന്നു മുതല്‍ രാജ്യത്തേക്ക് മടങ്ങിവരുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്ക്, കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇതിനായി, യുഎഇ സര്‍ക്കാര്‍ അംഗീകരിച്ച കേന്ദ്രങ്ങളില്‍ യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പ് നടത്തിയ പരിശോധനഫലം വിമാനത്താവളങ്ങളില്‍ ഹാജരാക്കണം. എങ്കില്‍ മാത്രമേ വിമാനം കയറാന്‍ അനുവദിക്കൂ. 17 രാജ്യങ്ങളിലായി 107 നഗരങ്ങളിലെ, അംഗീകൃത പരിശോധനാ കേന്ദ്രങ്ങളിലാണ് ഈ സൗകര്യം ഉള്ളതെന്നും അതോറിറ്റി വ്യക്തമാക്കി. കൂടുതല്‍ നഗരങ്ങളിലേക്ക് കൂടി സേവനം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ലബോറട്ടറികള്‍ സംബന്ധിച്ച വിവരങ്ങള്‍ smartservices.ica.gov.ae എന്ന വെബ് സൈറ്റിലൂടെ ലഭ്യമാണ്.
അതേസമയം, അംഗീകൃത പരിശോധനാ കേന്ദ്രങ്ങള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് , യുഎഇയിലെ വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധന നടത്തും. അതേസമയം, നിലവില്‍ ഔദ്യോഗികമായി വിമാനസര്‍വീസ് ആരംഭിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ നിയമം ബാധകമാകുക. അതിനാല്‍, മലയാളികളടക്കം ഇന്ത്യയില്‍ നിന്നും വരുന്നവര്‍ക്ക് യുഎഇയില്‍ എത്താന്‍ ഇനിയും കാത്തിരിക്കണം.