കൊവിഡ്-ലോക്ക്ഡൗൺ നിബന്ധനകൾ കാറ്റിൽ പറത്തി സിപിഎം നിയന്ത്രണത്തിലുള്ള ഗ്രന്ഥാലയം; കലാ-സാംസ്കാരിക മൽസങ്ങളില്‍ പങ്കെടുത്തത് 40 തോളം വിദ്യാർത്ഥികള്‍

Jaihind News Bureau
Sunday, July 5, 2020

കൊവിഡ്-ലോക്ക്ഡൗൺ നിബന്ധനകൾ കാറ്റിൽ പറത്തി കാസർകോട് ഇടയിലെക്കാട്ടിലെ സിപിഎമ്മിന്‍റെ കീഴിലുള്ള ഗ്രന്ഥാലയം. 40 തോളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചാണ് ഗ്രന്ഥാലയത്തില്‍ കലാ-സാംസ്കാരിക മൽസരങ്ങൾ നടത്തിയത്. ഗ്രന്ഥാലയങ്ങൾക്ക് നിബന്ധനകള്‍ ബാധകമല്ലെന്നായിരുന്നു എതിർപ്പ് പ്രകടിപ്പിച്ച നാട്ടുകാരോട് ഭാരവാഹികൾ പറഞ്ഞത്. ഇടയിലെക്കാട് നവോദയ വായനശാല ഗ്രന്ഥാലയം ഭാരവാഹികളാണ് തുടർച്ചയായി മൂന്ന് ഞായറാഴ്ചളിലും 30ൽപ്പരം കുട്ടികളെ പങ്കെടുപ്പിച്ച് വിവിധ മൽസരങ്ങളും അതിന്‍റെ ഭാഗമായുള്ള അനുമോദന സദസും സംഘടിപ്പിച്ചത്.

പത്ത് വയസിൽ താഴെയുള്ള കുട്ടികളെ പൊതു സ്ഥലങ്ങളിലോ ചടങ്ങുകളിലോ പങ്കെടുപ്പിക്കരുതെന്ന നിർദേശം പാലിച്ചില്ലെന്ന് മാത്രമല്ല ആറ് വയസ് പ്രായമുള്ള കുരുന്നുകളെ പങ്കെടുപ്പിച്ച് വായനാ വാരം ക്വിസും, ബഷീർ ക്വിസും നടത്തി. ഇത് കൂടാതെ എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി ചിത്രരചനാ മൽസരവും ഗ്രന്ഥാലയത്തിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

ഇത് സംബന്ധിച്ച് നാട്ടുകാർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. ചില രക്ഷിതാക്കൾ ചന്തേര പോലീസിലും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.