ജീവിതം തൊട്ടറിഞ്ഞ അനുഭവങ്ങള്‍ പങ്കുവെച്ച് വ്യവസായി എം എ യൂസഫലി : ഇത് താല്‍ക്കാലികം, ഗള്‍ഫ് തിരിച്ചുവരും ; ജോലി തിരക്ക്, വീഡിയോ മീറ്റിങ്‌സ്, വായന | ഇത് ‘കൊവിഡ് കാലത്തെ’ പുതിയ അനുഭവം

B.S. Shiju
Wednesday, May 20, 2020

 

ദുബായ് : കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം, ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ ശക്തിയോടെ തിരിച്ചുവരുമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലി പറഞ്ഞു. ഈ പ്രതിസന്ധി താല്‍ക്കാലികമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകരുമായി, സൂം വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ, വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

കുവൈത്ത് യുദ്ധത്തിന് ശേഷം, ഗള്‍ഫില്‍ എണ്ണവില കുത്തനെ ഇടിഞ്ഞപ്പോഴും , ആഗോള സാമ്പത്തിക ദുരിത കാലത്തും ഗള്‍ഫ് മലയാളികള്‍ ഭീതിയിലായിരുന്നു. എന്നാല്‍, ഗള്‍ഫ് ശക്തമായി തിരിച്ചുവന്നു. അന്ന് ഇന്ത്യയിലേയ്ക്ക് മടങ്ങിയ ലക്ഷക്കണക്കിന് പേര്‍ വീണ്ടും എത്തി. ഇതുപോലെ ഇന്നത്തെ ബുദ്ധിമുട്ടുകളെല്ലാം മറികടന്ന് നല്ലൊരു നാളെ ഉണ്ടാകുമെന്ന് ഉറച്ച് , വിശ്വസിക്കുന്നതായി എം എ യൂസഫലി പറഞ്ഞു. കേരളത്തിലേയ്ക്ക് നിരവധി പ്രവാസികള്‍ മടങ്ങി പോകുമെന്ന് കരുതുന്നു. ഇതില്‍ നിരവധി പ്രഫഷണലുകള്‍ തിരിച്ച് പോകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇവര്‍ക്ക് ഉപജീവനമാര്‍ഗം കണ്ടെത്തുക എന്നത് വലിയ വിഷയമാണ്. ഇത് മാധ്യമങ്ങള്‍ ഉപ്പടെയുള്ളവര്‍ ഗൗരവമായ ചര്‍ച്ചയ്ക്ക് വിധേയമാക്കണം. ഇന്ന് മനുഷ്യന്റെ കഴിവിന് അപ്പുറമാണ് ലോകത്ത് സംഭവിക്കുന്നത്. മനുഷ്യന്‍ പ്രതിസന്ധികളിലൂടെ ജീവിക്കാന്‍  പഠിക്കേണ്ടിയിരിക്കുന്നു.

ലോകത്തിന്റെ ഇന്നത്തെ അവസ്ഥ ?

ലോകത്തിന്റെ ഇന്നത്തെ അവസ്ഥ വേദനാജനകമാണ്. നിത്യജീവിതത്തില്‍ മനുഷ്യര്‍ ഏറെ കഷ്ടപ്പെടുന്നു. ഏറ്റവുമധികം ജീവിതസൗകര്യങ്ങളുണ്ടെന്ന് നമ്മളെല്ലാം കരുതുന്ന യൂറോപ്പ് ,അമേരിക്കന്‍ രാജ്യങ്ങളില്‍ പോലും ബുദ്ധിമുട്ടുകളുണ്ട്. അവരുടെ മെഡിക്കല്‍ സംവിധാനങ്ങളെല്ലാം പരാജയപ്പെട്ടു. ലക്ഷത്തിലേറെ പേരാണ് മരിച്ചത്. എന്റെ പരിചയക്കാരും സുഹൃത്തുക്കളും പോലും ഇതില്‍ ഉള്‍പ്പെടുന്നു. വിദേശങ്ങളില്‍ ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേയ്ക്ക് മടങ്ങിപ്പോകുന്നവരുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ട്. പലരുടെയും ശമ്പളം വെട്ടിക്കുറച്ചു. ശമ്പളമില്ലാതെ വീട്ടിലിരിക്കേണ്ടി വരുന്നവരും ഏറെയാണ്.

കേരളത്തില്‍ നിക്ഷേപങ്ങള്‍ വരണം

ഇപ്പോഴത്തെ സാഹര്യത്തില്‍, കേരളത്തില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ വിദേശങ്ങളിലുള്ള മലയാളി സംരംഭകര്‍ ശ്രദ്ധചെലുത്തണം. അതില്ലാത്തതിന്റെ പ്രയാസം പലരും ഇപ്പോള്‍ അനുഭവിക്കുന്നതായും യൂസഫലി പറഞ്ഞു. ഇന്ത്യയിലെ തയ്യല്‍ക്കാര്‍, ബാര്‍ബര്‍മാര്‍ തുടങ്ങിയ ജോലി ചെയ്യുന്നവരെല്ലാം വലിയ പ്രയാസത്തിലാണ്. ലോക് ഡൗണ്‍ വീണ്ടും നീണ്ടുപോയാല്‍ ഇതിലും വലിയ പ്രയാസമായിരിക്കും അനുഭവിക്കേണ്ടി വരിക. അത് ശാശ്വതമായി മറികടക്കാനുള്ള ശ്രമമാണ് വേണ്ടത്.

ലുലുവില്‍ ഒരു വര്‍ഷത്തേയ്ക്കുള്ള സ്റ്റോക്ക്

ആരോഗ്യമേഖല പോലെ തന്നെ കോവിഡ് കാലത്ത് ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് ഭക്ഷ്യവിതരണ മേഖല. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ലുലുവിന്റെ ഗള്‍ഫിലെ എല്ലാ ശാഖകളിലും ഭക്ഷ്യവിഭവങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. അടുത്ത 9 മാസത്തേയ്ക്കുള്ള അവശ്യവസ്തുക്കള്‍ 3 മാസം മുന്‍പ് തന്നെ ലുലുവില്‍ ശേഖരിച്ചു. ഒരു മാസത്തിനുള്ളില്‍ അത് ഒരു വര്‍ഷത്തേയ്ക്കുള്ള സ്റ്റോക്കാക്കി മാറ്റും.  12 പ്രത്യേക വിമാനങ്ങളില്‍ കൂടി ഭക്ഷ്യോത്പന്നങ്ങള്‍ ഗള്‍ഫിലേക്ക് കൊണ്ടുവരും.

നോര്‍ക്കയ്ക്ക് സാമ്പത്തികമായി സഹായിക്കാനാകില്ല

ഗള്‍ഫില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കേരളത്തിലേയ്ക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് തുടങ്ങിയ സാമ്പത്തിക സഹായങ്ങള്‍ നല്‍കുക എന്നത് നോര്‍ക്കയ്ക്ക് പ്രയാസമാണ്. കാരണം, അതിനുള്ള ഫണ്ട് നോര്‍ക്കയുടെ കൈവശമില്ല. എങ്കിലും തങ്ങളുടെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് നോര്‍ക്ക കാര്യങ്ങള്‍ ചെയ്യുന്നു. യുഎഇയില്‍ താമസ വീസയുള്ളവര്‍ക്ക് ചികിത്സയ്ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാണ്. സന്ദര്‍ശക വീസയിലുള്ളവരുടെയും മറ്റും കാര്യങ്ങള്‍ ഇവിടുത്തെ സാമൂഹിക പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ഏറ്റെടുക്കണം. ഇത്തരം സംഘടനകളെ താന്‍ അകമഴിഞ്ഞ് സഹായിക്കാറുണ്ടെന്നും അല്ലാതെയും സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നും നോര്‍ക്ക വൈസ് ചെയര്‍മാന്‍ കൂടിയായ യൂസഫലി പറഞ്ഞു. നോര്‍ക്കയ്ക്ക് പ്രവാസികള്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യത്തിലും പരിമിതിയുണ്ട്.

ഇന്ത്യയിലേക്ക് വിമാന സര്‍വീസ് കുറവ് എന്തുകൊണ്ട്  ?

ഇന്ത്യയിലേയ്ക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിലും തടസ്സങ്ങളുണ്ട്. ഒരു വിമാനത്താവളത്തില്‍ ഒരു ദിവസം എത്തേണ്ട യാത്രക്കാരുടെ എണ്ണത്തിലെ പരിമിതി, ഇവരെ ക്വാറന്റീന്‍ ചെയ്യിക്കാനുള്ള സംവിധാനം ഒരുക്കുന്നതിലെ പ്രയാസം, ചികിത്സ തുടങ്ങിയവയൊക്കെ ഇതില്‍ പരിഗണനാര്‍ഹമാണ്.

വിദേശികളുടെ മനസ് അറിഞ്ഞ് ഭരണാധികാരികള്‍

സ്വദേശികള്‍, വിദേശികള്‍ എന്ന വ്യത്യാസം ഇല്ലാതെയാണ് യുഎഇയിലെ ഭരണാധികാരികള്‍ കൊവിഡ് കാലത്ത് ജനങ്ങളെ ചേര്‍ത്തു പിടിച്ചിരിക്കുന്നത്. മരുന്നും ഭക്ഷണവും ഉറപ്പാക്കുന്ന കാര്യത്തില്‍ അവര്‍ ഏറെ ജാഗരൂകരാണ്.  യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍  ഇക്കാര്യം വ്യക്തമാക്കി. ഗള്‍ഫിലെ ദീര്‍ഘദൃഷ്ടിയുള്ള ഭരണകര്‍ത്താക്കള്‍ ഭക്ഷണവും മരുന്നും ഉറപ്പുവരുത്താന്‍ ഇപ്പോഴും പ്രത്യേക താല്‍പ്പര്യം കാണിക്കുന്നു.

തൊഴിലാളി മടങ്ങുമ്പോള്‍ വിമാന ടിക്കറ്റ് നല്‍കേണ്ടത് കമ്പനി

ഒരു ജീവനക്കാരനോ തൊഴിലാളിയോ നാട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ അയാള്‍ക്ക് വിമാന ടിക്കറ്റ് നല്‍കേണ്ടത് ആ കമ്പനിയുടെ കടമയാണ്. എങ്കിലും പ്രയാസമനുഭവിക്കുന്നവര്‍ക്ക് വിമാന ടിക്കറ്റ് നല്‍കാനുള്ള ആവശ്യം അധികൃതരെ അറിയിക്കാന്‍ ശ്രമിക്കുമെന്നും യൂസഫലി പറഞ്ഞു. ഇന്ത്യന്‍ എംബസികളുടെ കീഴിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റി ക്ഷേമനിധി ഏതൊക്കെ രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും എന്നതിനെ കുറിച്ച് അറിയില്ല.

റമസാന്‍ അവസാന പത്തില്‍ മക്കയില്‍ പോകാന്‍ കഴിയാത്തതില്‍ ദുഃഖം

കൊവിഡിന് ശേഷം ലോകത്തിന്റെ അവസ്ഥ എന്തെന്ന് നമുക്കാര്‍ക്കും നിര്‍വചിക്കാനാവില്ല. ഇപ്പോഴത്തെ എന്റെ ഏറ്റവും വലിയ വിഷമങ്ങളിലൊന്ന് റമസാന്റെ അവസാന 10 ദിവസം മക്കയിലെ ഹറമില്‍ ചെലവഴിക്കാന്‍ സാധിക്കുന്നില്ലല്ലോ എന്നതാണ്. എല്ലാവര്‍ക്കും വേണ്ടി റമസാനിന്റെ പുണ്യദിനങ്ങളില്‍ പ്രാര്‍ഥിക്കുന്നുണ്ട്.

1980 മുതലുള്ള പുസ്തക വായന കൊവിഡ് കാലത്ത് സജീവമായി

നേരത്തെ, പുസത്ക വായന വിമാന യാത്രക്കിടെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ വായനയ്ക്ക് കൂടുതല്‍ സമയം കണ്ടെത്തുന്നതായും പ്രശസ്തമായ പല ഗ്രന്ഥങ്ങളും വായിച്ചു കഴിഞ്ഞതായും യൂസഫലി പറഞ്ഞു. 1980കളിലാണ് വായന ആരംഭിച്ചത്. ചരിത്രപുസ്തകങ്ങളും തത്ത്വചിന്തകളുമാണ് കൂടുതലും വായിക്കുന്നത്. മഹാന്മാരുടെ ജീവിതം പലപ്പോഴും അത്ഭുതപ്പെടുത്തുന്നു. ഒമര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ കഥയും, ഇബന്‍ കസീറിന്റെ പുസ്തകത്തിലെ അനുഭവങ്ങളും മാധ്യമ പ്രവര്‍ത്തകരുമായി അദേഹം പങ്കുവെച്ചു. ഇങ്ങിനെ, പ്രവാസികളുടെ ജീവിതം തൊട്ടറിഞ്ഞ അനുഭവങ്ങളുമായി , മലയാളികളുടെ ഈ ബ്രാന്‍ഡ് അംബാസിഡര്‍ രണ്ടര മണിക്കൂര്‍ മാധ്യമ സമ്മേളനത്തിനായി മാറ്റിവെച്ചു.  ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ വി നന്ദകുമാര്‍, മാര്‍ക്കറ്റിങ് ആന്‍ഡ് പരസ്യവിഭാഗം മാനേജര്‍ സുധീര്‍ കൊണ്ടേരി, യൂസഫലിയുടെ മീഡിയാ സെക്രട്ടറി ബിജുനായര്‍ കൊട്ടാരത്തില്‍, മീഡിയാ കോര്‍ഡിനേറ്റര്‍ ( ഇന്ത്യ) എം സ്വരാജ് , കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ എക്‌സിക്യുട്ടീവ് സജീര്‍ സി മൊയ്തു എന്നിവര്‍ നേതൃത്വം നല്‍കി.