മംഗളുരു : ആര്‍ടിപിസിആര്‍ പരിശോധന നിർബന്ധമാക്കിയതിനെ തുടർന്ന് മംഗളുരുവില്‍ തടഞ്ഞുവെച്ച അറുപതോളം മലയാളികളെ വിട്ടയച്ചു. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ട്രെയിന്‍ മാര്‍ഗം മംഗളുരുവിലെത്തിയ നൂറിലേറെപ്പേരെ പൊലീസ് വാഹനത്തില്‍ കയറ്റി ടൗണ്‍ഹാളിലേക്കും മറ്റിടങ്ങളിലേക്കും മാറ്റിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് സ്ത്രീകളെ ഇന്നലെ രാത്രിയും ബാക്കിയുള്ളവരെ ഇന്ന് രാവിലെയുമായാണ് വിട്ടയച്ചത്.
വൈകിട്ട് മൂന്നരയോടെയെത്തിയ ട്രെയിനില്‍ നിന്നു മാത്രം അമ്പതോളെ പേരെ ടൗണ്‍ഹാളിലേക്ക് മാറ്റിയത്. ഇവര്‍ക്കെല്ലാം റെയില്‍വേ സ്റ്റേഷനില്‍ വച്ചു തന്നെ ആന്റിജന്‍ പരിശോധന നടത്തിയെങ്കിലും രാത്രി പത്തു മണിവരെ ഫലം ലഭിച്ചില്ല. ഒരു മണിക്കൂര്‍ നേരം റെയില്‍വേ സ്റ്റേഷനിലിരുത്തി. തുടര്‍ന്ന് വാനില്‍ കയറ്റി പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. അവിടെ നിന്നാണ് മംഗളുരു ടൗണ്‍ഹാളിലെത്തിച്ചത്. പിന്നാലെ വന്ന തീവണ്ടിയിലുള്ളവരെയും പൊലീസ് സ്റ്റേഷനിലും റെയില്‍വേ സ്റ്റേഷനിലുമായി മണിക്കൂറുകള്‍ നിര്‍ത്തിയ പലയിടത്തേക്കു മാറ്റുകയായിരുന്നു. ടൗണ്‍ ഹാളിനു പുറത്ത് പൊലീസ് കാവലും ഏര്‍പ്പെടുത്തി. ആറര മണിക്കൂര്‍ നേരം വെള്ളമോ ഭക്ഷണമോ കിട്ടിയില്ലെന്ന് ഇവര്‍ പറഞ്ഞു. ഇക്കൂട്ടത്തില്‍ രോഗികളുമുണ്ടായിരുന്നു.
രാത്രി 10.45 ഓടെ മണിയോടെ ഉന്നത പൊലീസ്-ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ ടൗണ്‍ ഹാളിലെത്തുകയും തുടർന്ന് സ്ത്രീകളെ മാത്രം പോകാന്‍ അനുവദിക്കുകയും ചെയ്തു. ആര്‍ടിപിസിആര്‍.പരിശോധനാ ഫലം ലഭിക്കുന്നതുവരെ റൂം ക്വാറന്റൈനില്‍ കഴിയണമെന്ന നിര്‍ദേശത്തോടെയാണ് ഇവരെ വിട്ടത്. ഇന്ന് രാവിലെയാണ് ബാക്കിയുള്ളവരെ വിട്ടയച്ചത്. കേരള കർണാടക അതിർത്തിയില്‍ പരിശോധന ശക്തമാക്കിയതിന് പിന്നാലെയാണ് മലയാളികള്‍ കുടുങ്ങിയത്. കേരളത്തില്‍ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കർണാടക നിർബന്ധമാക്കിയിരുന്നു.