രാജ്യത്ത് കൊവിഡ് വീണ്ടും തലപൊക്കുന്നു ; 24 മണിക്കൂറിനിടെ 43,393 പേർക്ക് വൈറസ് ബാധ ; മൂന്നാം തരംഗം അടുത്തെത്തിയെന്ന് സൂചന

Friday, July 9, 2021


ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,393 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 44,459 പേർ രോഗമുക്തി നേടി. മരണമടഞ്ഞവർ 911 ആണ്. രാജ്യത്തെ ആക്‌ടീവ് കേസ്‌ലോഡ് 2.42 ശതമാനമാണ്. രോഗമുക്തി നിരക്ക് ഇന്ന് 97.19 ആണ്. വ്യാഴാഴ്‌ചത്തേതിലും നേരിയ വർദ്ധന. പ്രതിദിന രോഗബാധയിൽ കുറവുണ്ടെങ്കിലും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഉയർച്ചയുണ്ടാകുന്നത് ആശങ്കാജനകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ഇതിനൊപ്പം ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലുൾപ്പടെ ജനക്കൂട്ടമുണ്ടാകുന്നതും വലിയ ആശങ്കയ്‌ക്ക് വകനൽകുന്നു. രാജ്യത്ത് ആകെ മരണമടഞ്ഞവർ 4,05,939 ആയി.രാജ്യത്ത് ഇതുവരെ 42 കോടി സാമ്പിളുകൾ പരിശോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17.90 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്. കേരളത്തിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഇപ്പോഴും കൊവിഡ് കേസുകൾ ഉയർന്ന് തന്നെ നിൽക്കുന്നു. ഓഗസ്‌റ്റ് മാസത്തോടെ മൂന്നാം കൊവിഡ് തരംഗം രാജ്യത്ത് എത്തുമെന്നാണ് വിദഗ്ദ്ധർ നൽകുന്ന സൂചന.

നിലവിലെ രോഗനിരക്ക് അനുസരിച്ച് മൂന്നാം തരംഗത്തിന്റെ പടിവാതിൽക്കലാണ് രാജ്യം എന്നാണ് സൂചന. രാജ്യത്തെ പ്രതിവാര ടെസ്‌റ്റ് പോസിറ്റിവിറ്റി ജൂലായ് ഏഴിന് 2.27 ആയിരുന്നത് ഇപ്പോൾ 2.37 ആയി ഉയർന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.