കേരളത്തില്‍ മാത്രം കൊവിഡ് കൂടുന്നു ; ആശങ്കയറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

Jaihind Webdesk
Thursday, July 29, 2021

 

ന്യൂഡല്‍ഹി : കൊവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും മോചനം നേടിയിട്ടും കേരളത്തില്‍ രോഗികളുടെ എണ്ണം കൂടുന്നതില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളില്‍ 50 ശതമാനത്തിലധികവും കേരളത്തിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുത്തനെ ഉയരുകയാണ്. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ സാഹചര്യത്തില്‍ കേന്ദ്രം ആശങ്ക അറിയിച്ചതെന്ന് ടൈംസ് നൗ  റിപ്പോർട്ട് ചെയ്യുന്നു.

രണ്ടാം തരംഗത്തിന്റെ ഒരു ഘട്ടത്തില്‍ കേരളത്തില്‍ 40,000ലധികം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂണ്‍ ആദ്യത്തോടെ ഇത് കുറയുകയും പിന്നീട് അശാസ്ത്രീയമായി ഇളവുകള്‍ അനുവദിച്ച് ജൂണ്‍ മൂന്നാം വാരത്തോടെ കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സ്ഥിതിയുണ്ടാക്കിയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നത്. വിദഗ്ധ സംഘത്തെ ഉടനെ കേരളത്തിലേക്ക് അയക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും കേരളത്തിനയച്ച കത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

കേരളത്തിലെ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന് വ്യാപക ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാനത്തെ കുറ്റപ്പെടുത്തി രംഗത്തെത്തി. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ പിന്തുടരുന്നതിന് പകരം സ്വന്തം നിലയില്‍ കേരളം ചികിത്സാ രീതികള്‍ ആവിഷ്‌കരിച്ചതാണ്‌ രോഗവ്യാപനം നിയന്ത്രണത്തിലാകാത്തതിന് കാരണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ആരോപിച്ചു. ടെസ്റ്റ് നടത്തി പോസിറ്റീവായവരെ കണ്ടെത്തി ചികിത്സിച്ച് വ്യാപനം നിയന്ത്രിക്കുക എന്നതാണ് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശം.  ലോക്ക്ഡൗണ്‍ പോലും ശാസ്ത്രീയ അടിസ്ഥാനത്തിലല്ല. ശനിയും ഞായറും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ആളുകള്‍ വെള്ളിയാഴ്ച മാര്‍ക്കറ്റിലേക്ക് ഒഴുകി. ഐസിഎംആര്‍ മാനദണ്ഡം പാലിക്കാന്‍ തയാറാവണമെന്നും കൊവിഡിനെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുതെന്നും വി മുരളീധരന്‍ പറഞ്ഞു.