അമേരിക്കന്‍ കമ്പനി വഴിയുള്ള വിവരശേഖരണം: വിവാദ ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍; വിഷയം പുറത്തുകൊണ്ടുവന്നത് രമേശ് ചെന്നിത്തല

തിരുവനന്തപുരം:  അമേരിക്കന്‍ കമ്പനി വഴിയുള്ള കൊവിഡ് വിവരശേഖരണം നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍. നിരീക്ഷണത്തില്‍ ഉള്ളവരുടെ വിവരങ്ങള്‍ കമ്പനിയുടെ സൈറ്റില്‍ നല്‍കേണ്ടന്നും സര്‍ക്കാര്‍ സൈറ്റില്‍ നല്‍കിയാല്‍ മതിയെന്നുമാണ് പുതിയ നിര്‍ദേശം. കമ്പനി സൈറ്റില്‍ നിന്നും ഐ.ടി സെക്രട്ടറി ഉള്‍പ്പെട്ട പരസ്യവും നീക്കിയിട്ടുണ്ട്.

കൊവിഡിന്‍റെ മറവില്‍ സംസ്ഥാനത്തെ രോഗികളുടെ പൂര്‍ണ്ണ വിവരം  സര്‍ക്കാര്‍ സ്പ്രിങ്ക്ളര്‍ എന്ന അമേരിക്കന്‍ സ്വകാര്യ കമ്പനിക്ക് കൈമാറുന്നുവെന്ന വിവരം  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പുറത്തുകൊണ്ടുവന്നത്. തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും വളരെ ഗുരുതരമായ വിഷയമാണിതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ കരാര്‍ നല്‍കിയിരിക്കുന്ന സ്പ്രിങ്ക്ളർ തട്ടിപ്പ് കമ്പനിയെന്ന് കെ.എസ് ശബരീനാഥന്‍ എം.എല്‍.എയും വ്യക്തമാക്കി. സ്പ്രിങ്ക്‌ളർ കേരളത്തിലെ ആരോഗ്യ രംഗം വിൽക്കുകയാണെന്നും ഐ.ടി സെക്രട്ടറി ഇതിന് കൂട്ടുനിൽക്കുകയാണെന്നും കെ.എസ് ശബരീനാഥന്‍ ആരോപിച്ചു.

സര്‍ക്കാര്‍ സംവിധാനത്തില്‍ രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നിരിക്കെ പിന്നെ അമേരിക്കന്‍ കമ്പനിയെ ഇതിന് ചുമതലപ്പെടുത്തിയത് ദുരൂഹതയുണ്ട്. സർക്കാരും സ്പ്രിങ്ക്ളര്‍ കമ്പനിയുമായുള്ള കരാറിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണം. സ്പ്രിങ്ക്ളർ കമ്പനിക്ക് കച്ചവടതാല്‍പര്യമാണുള്ളത്. ഇതിന് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും കെ.എസ് ശബരീനാഥന്‍ എം.എല്‍.എ ആരോപിച്ചു.

 

Comments (0)
Add Comment