ജൂണില്‍ കൊവിഡ് നാലാം തരംഗം ഉണ്ടായേക്കുമെന്ന് വിദഗ്ധർ

Jaihind Webdesk
Monday, February 28, 2022

രാജ്യത്ത് കൊവിഡ് നാലം തരംഗം 2022 ജൂണില്‍ ഉണ്ടായേക്കുമെന്ന് വിദഗ്ധർ . കാണ്‍പൂര്‍ ഐഐടിയുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഒക്ടോബര്‍ 24 വരെ തരംഗം നീണ്ടുനില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡ് മൂന്നാം തരംഗം വലിയ അപകടമുണ്ടാക്കാതെ കടന്നുപോകുന്നതിനിടെയാണ് നാലാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വരുന്നത്. ആഗസ്ത് 15 മുതല്‍ 31 വരെ തരംഗം പാരമ്യത്തിലെത്തും എന്നാണു പ്രവചനം. എന്നാല്‍ എത്രത്തോളം രൂക്ഷമാകുമെന്നത് കൊവിഡിന്‍റെ ഏത് വകഭേദമാണ് വ്യാപിക്കുക എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എത്രപേര്‍ വാക്സിന്‍ സ്വീകരിച്ചു, എത്ര പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ലഭിച്ചു തുടങ്ങിയ കാര്യങ്ങളും പ്രധാനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ മൂന്നാം തരംഗം ഏതാണ്ട് കാണ്‍പൂര്‍ ഐഐടിയുടെ പ്രവചനം പോലെയാണ് സംഭവിച്ചത്. ഐഐടി കാൺപൂരിലെ മാത്തമാറ്റിക്‌സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലെ ശബര പർഷാദ് രാജേഷ്ഭായ്, സുബ്ര ശങ്കർ ധർ, ശലഭ് എന്നിവർ ചേർന്നാണ് ഗവേഷണം നടത്തിയത്. ഇന്ത്യയില്‍ ആദ്യം കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന്‍റെ (2020 ജനുവരി 30) 936ആം ദിവസം നാലാമത്തെ തരംഗം എത്തുമെന്നാണ് സ്ഥിതിവിവര കണക്കുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്