ദുബായ് : എമിറേറ്റ്‌സ് എയല്‍ലൈന്‍സ് മുഴുവന്‍ യാത്രാവിമാനങ്ങളും റദ്ദാക്കാന്‍ തീരുമാനിച്ചു. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പറക്കുന്ന എമിറേറ്റ്‌സിന്റെ മുഴുവന്‍ പാസഞ്ചര്‍ സര്‍വീസുകളും ബുധനാഴ്ച മുതല്‍ നിര്‍ത്തുകയാണെന്ന് സി ഇ ഒ ഷെയ്ഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം അറിയിച്ചു.
രാജ്യങ്ങള്‍ അതിര്‍ത്തികള്‍ തുറന്ന് യാത്രക്കുള്ള ആത്മവിശ്വാസം വീണ്ടെടുക്കുന്നത് വരെ ഇനി വിമാനസര്‍വീസുകള്‍ നിര്‍ത്തവെക്കാനാണ് തീരുമാനം. ലോകത്തെ 159 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന വിമാനകമ്പനിയാണ് എമിറേറ്റ്‌സ്. പൂര്‍ണ്ണമായി സര്‍വീസ് റദ്ദാക്കുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്.
നേരത്തെ, ആകെ സര്‍വീസിന്‍റെ 70 ശതമാനത്തിലധികം റൂട്ടുകള്‍ വെട്ടിക്കുറച്ചത് ജയഹിന്ദ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് മുഴുവനായി നിര്‍ത്തിവെയ്ക്കാന്‍ എമിറേറ്റ്‌സ് തീരുമാനിക്കുകയായിരുന്നു. യുകെ, യുഎസ്, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പടെ, തിരഞ്ഞെടുത്ത റൂട്ടുകള്‍ ജൂണ്‍ 30 വരെ റദ്ദാക്കിയിട്ടുണ്ട്.
നേരത്തെ കൊടുത്ത റിപ്പോർട്ട് ചുവടെ:
പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ, എമിറേറ്റ്‌സ് തങ്ങളുടെ സര്‍വീസ് ശൃംഖലയിലെ 70 ശതമാനത്തിലധികം റൂട്ടുകള്‍ വെട്ടിക്കുറച്ചു. യുകെ, യുഎസ്, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത റൂട്ടുകള്‍ ഇപ്രകാരം ജൂണ്‍ 30 വരെ റദ്ദാക്കി. ഇപ്രകാരം, 111 സ്ഥലങ്ങളിലേക്കുള്ള സര്‍വീസാണ് എമിറേറ്റ്‌സ് നിര്‍ത്തിയത്.
കൊറോണ മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എമിറേറ്റ്‌സ്, നിരവധി ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുകയും റൂട്ടുകള്‍ മാറ്റി പറക്കുകയും ചെയ്തിരുന്നു. ഇപ്രകാരം, ലോകത്തെ 150 ലധികം സ്ഥലങ്ങളിലേക്ക് പറക്കുന്ന എമിറേറ്റ്‌സ്, 111 സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി. അതായത് വിമാനക്കമ്പനിയുടെ 70 ശതമാനത്തിലധികം റൂട്ടുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കോവിഡ് -19 വ്യാപിക്കുന്നത് , തടയാന്‍ ഏര്‍പ്പെടുത്തിയ, യാത്രാ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ കടുത്ത നടപടി.
യുകെ, യുഎസ്, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം, ചില രാജ്യങ്ങളിലേക്കുള്ള സേവനങ്ങള്‍ ജൂണ്‍ 30 വരെ താല്‍ക്കാലികമായി നിര്‍ത്തി. ഇതോടെ, ഇത്തവണ വേനല്‍അവധിയ്ക്ക് നിരവധി കുടുംബങ്ങള്‍ക്ക്, എമിറേറ്റ്സ് വഴിയുള്ള യാത്ര മുടങ്ങാനും സാധ്യതകളുണ്ട്. വിവിധ രാജ്യങ്ങളിലേക്ക് നേരിട്ട് പറക്കുന്ന വിമാനക്കമ്പനി എന്ന നിലയില്‍, ദുബായിയുടെ എമിറേറ്റ്‌സ്, യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായിരുന്നു. നിരവധി യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്കും, ജൂണ്‍ അവസാനം വരെ സര്‍വീസ് റദ്ദാക്കിയിരിക്കുകയാണ്. ഇപ്രകാരം, എമിറേറ്റ്‌സിന്റെ ചരിത്രത്തില്‍ ഇത് ആദ്യമായാണ്, സര്‍വീസിന്റെ എഴുപത് ശതമാനവും വെട്ടിക്കുറച്ചുള്ള, ഗുരുതര പ്രതിസന്ധി നേരിടുന്നത്.