ന്യൂഡൽഹി : കൊവിഡ് രോഗനിർണയത്തില്‍ കേരളത്തിന്‍റെ സമീപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രം. ആർടി പിസിആർ പരിശോധനയ്ക്ക് പകരം ആന്‍റിജൻ പരിശോധനയെ കേരളം അമിതമായി ആശ്രയിക്കുന്നത് ആശങ്കയ്ക്ക് വക നൽകുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കെ പരിശോധനയിൽ 70 % എങ്കിലും ആർടി പിസിആർ പരിശോധന വേണമെന്നാണ് കേന്ദ്ര നിർദേശം. എന്നാല്‍ കേരളത്തില്‍ ഇത് 50 ശതമാനത്തിലും താഴെയാണെന്നതാണ് ആശങ്കയുണർത്തുന്നത്. ഫെബ്രുവരി 10 മുതൽ ഇന്നലെ വരെയുള്ള 8 ആഴ്ചകളിലെ കണക്ക് പരിശോധിക്കുമ്പോൾ ആർടി പിസിആർ പരിശോധന ഒരു ഘട്ടത്തിലും 53% കടന്നില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 14 ദിവസത്തെ കണക്ക് പരിശോധിക്കുമ്പോള്‍ ഇത് 45 ശതമാനത്തിലും താഴെയാണ്.
കൊവിഡ് വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലർത്തേണ്ടതുണ്ട്. വിദേശ രാജ്യങ്ങളില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കർശനമാക്കിത്തുടങ്ങി. ഇന്ത്യയിലും ലോക്ക്ഡൌണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളിലേക്ക് വീണ്ടും പോകേണ്ടിവരുമോ എന്നതാണ് ഏവരും നോക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ വീണ്ടും ഏർപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.