‘കൊവിഡ് പ്രതിരോധം പൊലീസിനെ ഏൽപിച്ചത് അശാസ്ത്രീയം ; നടപടി പൊലീസ് രാജിലേക്ക് നയിക്കും’ : ബെന്നി ബഹനാൻ എം.പി

Jaihind News Bureau
Tuesday, August 4, 2020

കൊച്ചി : സംസ്‌ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പോലീസിനെ ഏൽപ്പിച്ച നടപടി അശാശ്ത്രീയവും അസംബന്ധവുമാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി. മുഖ്യമന്ത്രിയുടെ തീരുമാനം സംസ്‌ഥാനത്തെ പോലീസ് രാജിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ 25,000 ഓളം രോഗികൾ ഉള്ളതിൽ എഴുനൂറ്റി അൻപതോളം പേരുടെ ഉറവിടം അറിയില്ല. നൂറ്റി എഴുപത്തി നാലോളം ക്ലസ്റ്ററുകൾ നിലവിലുണ്ട്. ഇവയിൽ ഭൂരിഭാഗവും തീരദേശ മേഖല പോലെ ദുർബല ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന സ്‌ഥലങ്ങളാണ്. മരിച്ച 39 പേരുടെ മരണം കൊവിഡ് പട്ടികയിൽ ഉൾപ്പെടുത്താൻ പോലും മുഖ്യമന്ത്രി തയാറായിട്ടില്ല. ഇതിന്‍റെ പൂർണമായ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ കെട്ടി വെച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും ബെന്നി ബഹനാന്‍ എം.പി ആരോപിച്ചു.

ലോകത്തെവിടെയും പകർച്ച വ്യാധിയെ നേരിടാൻ നേതൃത്വം കൊടുക്കുന്നത് ആരോഗ്യ വിദഗ്ധരും ആരോഗ്യ സംഘടനകളും ദുരന്തനിവാരണ സമിതികളുമാണ്. കേരളത്തില്‍ ഇത് പൂർണ്ണമായും പൊലീസിന്‍റെ നിയന്ത്രണത്തിൽ കൊണ്ട് വരാനാണ് തീരുമാനം. മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ആരോഗ്യ, റെവന്യൂ മന്ത്രിമാരോട് കൂടിയാലോചിച്ചിട്ടാണോ മുഖ്യമന്ത്രി തീരുമാനം എടുത്തതെന്നും വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിൽ നൂറിലധികം പൊലീസുകാർ ഇിതനോടകം കൊവിഡ് ബാധിതരായി. ഐ.ടി.ബി.പി യിലെ അമ്പതോളം പൊലീസുകാർക്ക് കോവിഡ് ബാധിച്ചു. ഡി.ജി.പിയുടെ ഓഫീസിൽ പോലും കോവിഡ് ബാധയുണ്ടായി. പൊലീസ് ആസ്ഥാനം പോലും അടച്ചിടേണ്ടി വന്നു. പൂർണമായും പൊലീസ് നിയന്ത്രണത്തിലായിരുന്ന ഇത്തരം മേഖലകളിൽ പോലും കൊവിഡ് ബാധിച്ചു. ഇത് മറ്റാരുടെയെങ്കിലും കുറ്റം കൊണ്ടാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കൊവിഡിനെ പൊതുജനാരോഗ്യ പ്രശ്നമായി കാണുന്നതിന് പകരം ക്രമസമാധാന പ്രശ്നമായി കണ്ട് പരിപൂർണ്ണമായി പോലീസിനെ ഏൽപ്പിച്ചത് സംസ്‌ഥാനത്തെ പോലീസ് രാജിലേക്ക് നയിക്കും. ലോകത്ത് മറ്റൊരിടത്തും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പൊലീസ് സേനയെ ഏല്‍പ്പിച്ചിട്ടില്ല. മുഖ്യമന്ത്രിയുടേത് തികച്ചും ഏകപക്ഷീയമായ നിലപാടാണെന്നും ഇത്തരമൊരു തീരുമാനം എടുത്തതിൽ ഇടത് മുന്നണിയിലെ മറ്റു ഘടകകക്ഷികളുടെ നിലപാട് അറിയാൻ താത്‌പര്യമുണ്ടെന്നും യു.ഡി.എഫ് കണ്‍വീനർ ബെന്നി ബഹനാൻ എം.പി പറഞ്ഞു.