കൊവിഡ് പ്രതിരോധം പൊലീസിനെ ഏല്‍പ്പിച്ച നടപടി അപകടകരം ; സർക്കാർ തിരുത്തണമെന്ന് കെ സുധാകരന്‍ എം.പി

 

കൊവിഡ് പ്രതിരോധത്തിൽ കൂടുതല്‍ ഉത്തരവാദിത്വം പൊലീസ് വകുപ്പിന് നൽകിയ മുഖ്യമന്ത്രി പിണറായി വിജയന്‍റെ തീരുമാനം ഗുണകരമല്ലെന്ന് കെ സുധാകരൻ എം.പി. ആരോഗ്യവകുപ്പ് ചെയ്യേണ്ട കാര്യങ്ങള്‍ പൊലീസ് വകുപ്പിനെ ഏല്‍പ്പിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനം വലിയ പ്രതിസന്ധിയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്‍റെ പോരായ്മകൾ പരിഹരിച്ച് കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അധിക ജോലി നല്‍കുന്നത് പൊലീസ് വകുപ്പിന്‍റെ പ്രവർത്തനത്തെയും ബാധിക്കും. ആരോഗ്യവകുപ്പ് ജീവനക്കാരുടെ സേവന മനോഭാവത്തെ താഴ്ത്തിക്കെട്ടുന്നതിലൂടെ വകുപ്പിനെയും വകുപ്പ് മന്ത്രിയെയും അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിന്‍റെ അഭിപ്രായങ്ങൾ മുഖവിലയ്ക്കെടുത്തിരുന്നെങ്കിൽ സർക്കാരിന് ഉണ്ടായിട്ടുള്ള അലംഭാവം ഒരു പരിധി വരെ ഒഴിവാക്കാമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ  ഈഗോയുടെ ലക്ഷണങ്ങളാണ് കൊവിഡ് പ്രതിരോധം സ്വന്തം വകുപ്പായ പൊലീസിന്  കൈമാറിയതിലൂടെ വ്യക്തമാകുന്നത്. സമ്പർക്ക വ്യാപനം കൂടിയ സാഹചര്യത്തിൽ വേണ്ടത്ര മുൻകരുതലുകളോ സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെ പ്രവർത്തിക്കുന്നതിനാൽ സേനാംഗങ്ങളിലേക്കും രോഗം പടരാനുള്ള സാധ്യതകൾ ഏറെയാണ്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായങ്ങൾ മാനിക്കാതെയുള്ള സർക്കാർ നടപടി തിരുത്തണമെന്നും കെ സുധാകരൻ എം.പി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Comments (0)
Add Comment