ലോകത്ത് കൊവിഡ് മരണം 33,000 കവിഞ്ഞു. 7 ലക്ഷത്തിലധികം പേർക്ക് ഇതിനോടകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയിൽ ആകെ മരണം 10,779 ആയി. ഇന്നലെ മാത്രം 756 പേരാണ് ഇറ്റലിയില്‍ മരിച്ചത്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 141,812 ആയി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയിൽ സാമൂഹിക അകലം ഏപ്രില്‍ 30 വരെ കൂട്ടി. ജൂൺ മാസത്തോടെ കൊവിഡ് നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, ജർമനി, ഫ്രാൻസ് എന്നിവിടങ്ങളിൽ സ്ഥിതി അതീവ രൂക്ഷമാണ്. ബ്രിട്ടണില്‍ മരണം 1000 കടന്നു.
അതേസമയം കൊവിഡ് രോഗബാധ പൊട്ടിപ്പുറപ്പെട്ട ചൈനയിൽ ഭീതിയൊഴിയുന്നതായി സൂചന. കൊറോണയുടെ പ്രഭവ കേന്ദ്രമായ ഹുബെയിൽനിന്നും ചൈന ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ വുഹാനിൽനിന്നുള്ള വിമാന സർവിസുകൾ പുഃനരാരംഭിച്ചിട്ടില്ല. പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുകയും മരണ നിരക്ക് ഗണ്യമായി കുറയുകയും ചെയ്ത സാഹചര്യത്തിലാണ് ചൈന നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ തുടങ്ങിയത്. ഏപ്രിൽ എട്ട് മുതൽ വുഹാനിൽനിന്നും വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ചൈനയിൽ 3,300 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇന്ന് 45 പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയില്‍ കൊവിഡ് മരണം 27 ആയി. രോഗബാധിതരുടെ എണ്ണം 1027 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഏറ്റവും അധികം കൊവിഡ് ബാധിതർ ഉള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ഡല്‍ഹിയിൽ 23 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 72 ആയി.
നാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ബിഹാറിൽ കൊവിഡ് ബാധിതർ 15 ആയി. കൊൽക്കത്തയിൽ കരസേനയിലെ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികൾക്ക് അവർ ഇപ്പോഴുള്ള സംസ്ഥാനങ്ങളിൽ ഭക്ഷണവും താമസവും ഒരുക്കണം എന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകി. അവശ്യ സർവിസ്, ചരക്ക്, ഇന്ധന നീക്കം സുഗമം ആക്കാൻ നടപടി സ്വീകരിച്ചു. അവശ്യ സർവീസ് പട്ടികയിൽ റെഡ് ക്രോസ് സൊസൈറ്റിയെ ഉൾപ്പെടുത്തി. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് രാജ്യം. ഇതിന്റെ ഭാഗമായി ട്രെയിനിലെ കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കുന്നതിന്റെ ആദ്യ മാതൃക തയാറായി. രോഗ ബാധിതരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായാൽ ആശുപത്രികൾ അപര്യാപ്തമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം.