കൊവിഡ് മരണ നിരക്ക് ഉയരുമെന്നും വെന്‍റിലേറ്ററുകൾക്ക് ക്ഷാമം വരുമെന്നും മന്ത്രി; സർക്കാർ സംവിധാനങ്ങളിലെ പാളിച്ച മറനീക്കി പുറത്ത്

Jaihind News Bureau
Thursday, September 10, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗബാധയുടെ വ്യാപനം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയമാകുന്നുവെന്ന് വിലയിരുത്തൽ.  രോഗബാധ മൂലമുണ്ടാകുന്ന മരണ നിരക്ക് ഉയരുമെന്നും വെന്‍റിലേറ്ററുകൾക്ക് ക്ഷാമം നേരിടുമെന്നും ആരോഗ്യ മന്ത്രി പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് സർക്കാർ സംവിധാനങ്ങളിലെ പാളിച്ച മറനീക്കി പുറത്തു വരുന്നത്.

കേരളത്തിൽ ഓണത്തിനു ശേഷം കൊവിഡ് ബാധയിൽ വർധനയുണ്ടാകുമെന്ന് വളരെ നേരത്തെ വിലയിരുത്തിയ സർക്കാരും ആരോഗ്യ വകുപ്പും രോഗബാധ തടയാൻ ഫലപ്രദമായ നടപടികൾ എടുത്തില്ലെന്ന വാദമാണ്  സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ വർധിച്ചേക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പരസ്യ പ്രസ്താവനയോടെ മനസിലാവുന്നത്.

രോഗബാധയുടെ നിരക്ക് ഉയർന്നാൽ മരണനിരക്ക് വർധിക്കുമെന്നും വെന്‍റിലേറ്ററുകൾക്ക് ക്ഷാമം നേരിടുമെന്നും വ്യക്തമാക്കിയ ആരോഗ്യ മന്ത്രി സാഹചര്യം മനസിലാക്കി എന്തു കൊണ്ട് ഫലപ്രദമായ മുന്നൊരുക്കങ്ങൾ നടത്തിയില്ല എന്ന ചോദ്യമാണ് ഉയരുന്നത്. പലയിടത്തും പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാഹചര്യമുണ്ടെന്ന് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ പരിശോധന വ്യാപകമാക്കി ഇത് മുൻകൂട്ടി തിരിച്ചറിയാൻ ആരോഗ്യ വകുപ്പിനായില്ല. വേണ്ടത്ര വെന്‍റിലേറ്റുകൾ സംഭരിക്കാനും കൊവിഡ് ആശുപത്രികളിൽ കിടക്കകളുടെ എണ്ണം വർധിപ്പിച്ച് ആരോഗ്യ പരിപാലനം മെച്ചപ്പെടുത്താനും തയ്യാറാകാതെ മുന്നൊരുക്കങ്ങൾ മുന്നറിയിപ്പിൽ ഒതുക്കി സർക്കാരിന്‍റെ പരാജയം മറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപണമുയരുന്നു.

മുമ്പ് സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ ആരോഗ്യ വകുപ്പിനെ ഒഴിവാക്കി പൊലീസിനെ നിയോഗിച്ച നടപടിയും രോഗികളുടെ ഫോൺ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടിയും വിവാദമായിരുന്നു. രോഗവ്യാപനം കൂടിയ നിലവിലെ സാഹചര്യത്തിൽ മുന്നറിയിപ്പുകളല്ല ഫലപ്രദമായ മുന്നൊരുക്കങ്ങളാണ് വേണ്ടതെന്ന്  സംസ്ഥാനത്തെ അരോഗ്യ വിദഗ്ധരും വ്യക്തമാക്കുന്നു.

https://youtu.be/fOjkLeBVgWw