കുവൈത്ത് : കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളിലെ പൗരന്മാര്ക്ക് കുവൈത്തിലേക്ക് പ്രവേശിക്കാന്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യക്കു പുറമേ പാക്കിസ്ഥാന്, ബംഗ്ലദേശ്, ശ്രീലങ്ക, നേപ്പാള്‍, ഇറാന്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്കാണു പ്രവേശന വിലക്ക്. കുവൈത്ത് മന്ത്രിസഭാ യോഗമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഗവര്‍മെന്റ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ആഗസ്റ്റ് ഒന്നുമുതല്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കൊമേഴ്സ്യല്‍ വിമാന സര്‍വീസ് ആരംഭിക്കുമ്പോള്‍ ഈ രാജ്യങ്ങളില്‍ നിന്ന് ഒഴികെയുള്ള യാത്രക്കാര്‍ക്ക്, കുവൈത്തിലേക്ക് വരാന്‍ മന്ത്രിസഭ അനുമതി നല്‍കിയതായി ഗവര്‍മെന്റ് കമ്യൂണിക്കേഷന്‍ മന്ത്രാലയം വ്യക്തമാക്കി. കുവൈത്ത് വ്യോമയാന വകുപ്പും ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. അവധിക്ക് നാട്ടില്‍ പോയി വിമാന സര്‍വീസ് നിലച്ചതിനാല്‍, തിരിച്ചുവരാന്‍ കഴിയാതെ കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് തിരിച്ചടിയാണ് തീരുമാനം. നാലര മാസമായി കുടുങ്ങിക്കിടക്കുന്ന ഇവര്‍ ആഗസ്റ്റില്‍ വിമാന സര്‍വീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. ഇതില്‍ ചിലരുടെ കുടുംബം കുവൈത്തിലാണുള്ളത്. അടിയന്തരാവശ്യങ്ങള്‍ക്ക് നാട്ടിലേക്ക് പോയി കുടുങ്ങിയവരും നിരവധിയാണ്. ഇനിയും തിരിച്ചെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ജോലി നഷ്ട ഭീഷണി നേരിടുന്നവരുമുണ്ട്. എന്നാല്‍, മറ്റു രാജ്യങ്ങളിലെ പൗരന്മാര്ക്കും കുവൈത്തിലേക്ക് വരുന്നതിനോ തിരിച്ചു പോകുന്നതിനോ നിയമത്തില്‍ തടസമില്ല.