കൊവിഡ് രോഗികളുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് മനുഷ്യാവകാശലംഘനം; സര്‍വൈലന്‍സ് സ്റ്റേറ്റ് ആക്കാനാണോ ശ്രമമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, August 13, 2020

 

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ ഫോണ്‍ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തെ സര്‍വൈലന്‍സ് സ്റ്റേറ്റാക്കി മാറ്റാനാണോ സര്‍ക്കാര്‍ ശ്രമമെന്ന് അദ്ദേഹം ചോദിച്ചു. പൊലീസിന്‍റെ നടപടി മനുഷ്യാവകാശ ലംഘനമാണ്. ടെലഗ്രാഫ് ആക്ട് പ്രകാരമാണോ പൊലീസ് കൊവിഡ് രോഗികളുടെ വിവരങ്ങൾ ശേഖരിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണം. ഡിജിപിയുടേത് ടെലഗ്രാഫ് ആക്ടിന്‍റെ നഗ്നമായ ലംഘനമാണ്. എന്ത് ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് രോഗികളുടെ വിവരം ശേഖരിക്കുന്നതെന്ന് സർക്കാർ പരസ്യപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കേരളത്തെ പൊലീസ് സ്റ്റേറ്റ് ആക്കി മാറ്റാൻ അനുവദിക്കില്ല. പൗരന്‍റെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് നടക്കുന്നത്. നിയമപരമായ രീതിയിൽ ചോദ്യം ചെയ്യും. എത്ര നാളായി പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നു? എത്ര പേരുടെ വിവരങ്ങൾ ശേഖരിച്ചു? ആരുടെയെങ്കിലും കൺസെന്‍റ് എടുത്തിട്ടുണ്ടോ ? ഇതിനായി ആക്ട് ഭേദഗതി ചെയ്തിട്ടുണ്ടോ ?ഇക്കാര്യങ്ങൾ സർക്കാർ വ്യക്തമാക്കണം. ചീഫ് സെക്രട്ടറിയും ആഭ്യന്തര വകുപ്പ് സെക്രട്ടറിയും ഫോൺകോൾ വിവരശേഖരണം അറിഞ്ഞിട്ടുണ്ടോയെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ചോദിച്ചു.