തിരുവനന്തപുരം : ഓണക്കാലത്തിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഭയപ്പെട്ട രീതിയിലുള്ള വർധന ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആശുപത്രികളിൽ അഡ്മിറ്റായവരുടെ എണ്ണം വർധിച്ചിട്ടില്ലെന്നും കേസുകളുടെ എണ്ണം 33,000 കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊവിഡ് മൂന്നാം ഘട്ട പ്രതിരോധത്തിനുള്ള ‘ബി ദ വാരിയർ’ ക്യാമ്പെയ്ന് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചു. കൊവിഡ് പ്രതിരോധത്തിന് എല്ലാവർക്കും പങ്കാളികളാകാം എന്നതാണ് ക്യാമ്പെയ്നിന്‍റെ സന്ദേശം. ഇതിനോടനുബന്ധിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തും.
വാക്സിനേഷന്‍ എടുത്തവർക്ക് രോഗം വരികയാണെങ്കിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാക്സിനേഷൻ എടുത്തവരിൽ ചിലർക്ക് രോഗബാധ ഉണ്ടാകുന്നുണ്ടെങ്കിലും രോഗം ഗുരുതരമാകുന്ന സാഹചര്യമോ മരണമോ കാര്യമായി ഉണ്ടാകുന്നില്ല. പ്രായം ചെന്നവരും അനുബന്ധ രോഗങ്ങൾ ഉള്ളവരും എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,237 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54 ആണ്. 24 മണിക്കൂറിനിടെ 142 മരണങ്ങളും സംസ്ഥാനത്ത് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് മരണം 21,422 ആയി ഉയർന്നു.