ചെന്നൈയിൽ നിന്ന് എത്തിയവരെ നഗര മധ്യത്തിൽ ഇറക്കിവിട്ട് മലപ്പുറത്ത് ഗുരുതര സുരക്ഷാ വീഴ്ച. ക്വാറൻ്റീനിൽ പോകേണ്ടവരാണ് ഒരു മണിക്കൂറോളം തിരക്കേറിയ ബസ് സ്റ്റോപ്പിൽ നിന്നത്. ബസ് സ്റ്റോപ്പിന് സമീപം പൊലീസ് ഉണ്ടായിരുന്നിട്ടും വിഷയത്തിൽ ഇടപെട്ടിരുന്നില്ല.
ടൂറിസ്റ്റ് ബസിൽ ചെന്നൈയിൽ നിന്നെത്തിയ 12 പേർ രാവിലെ പതിനൊന്ന് മണിയോടെയാണ് മലപ്പുറം കുന്നുമ്മൽ ബസ് സ്റ്റോപ്പിൽ ഇറങ്ങിയത്. മറ്റുള്ളവരുമായി ബസ് മഞ്ചേരിക്ക് പോയപ്പോൾ ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് വാഹനം ലഭിക്കാതെ ജനത്തിരക്കേറിയ കവലയിൽ യാത്രക്കാർ കാത്തു നിന്നു. ചെന്നൈ മണലി, മീഞ്ചൂരി എന്നിവിടങ്ങളിലെ ജീവനക്കാരായിരുന്നു വന്നവരിലേറെയും.
രോഗ വ്യാപനത്തിന് കരണമായേക്കാവുന്ന ഗുരുതര സുരക്ഷാ വീഴ്ച കണ്ടിട്ടും ഏറെ നേരം പൊലീസ് ഇടപെട്ടിരുന്നില്ല. ഇതിനിടെ പലരും സ്വകാര്യ വാഹനങ്ങളിൽ മടങ്ങി. പ്രതീക്ഷിച്ചതിലും നേരത്തെ ബസ് എത്തിയതാണ് ക്വാറൻ്റീനിൽ പോകേണ്ടവര്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കേണ്ട സാഹചര്യമുണ്ടാക്കിയതെന്ന് ചെന്നൈയിൽ നിന്നെത്തിയ യാത്രക്കാരൻ്റെ ബന്ധു പറഞ്ഞു. യാത്രക്കാരെ മുഴുവൻ കൊണ്ടുപോയ ശേഷം അഗ്നിശമനസേന എത്തി ബസ് സ്റ്റോപ്പും പരിസരവും അണുവിമുക്തമാക്കി.