തമിഴ്നാട്ടില്‍ കൊവിഡ് കേസുകള്‍ വർധിക്കുന്നു ; കേരളത്തില്‍ നിന്നുള്ളവർക്ക് കര്‍ശന നിരീക്ഷണം

Sunday, August 1, 2021

ചെന്നൈ : തമിഴ്നാട്ടില്‍ ദൈനംദിന കൊവിഡ് കേസുകള്‍ വർധിക്കുന്നു. കഴിഞ്ഞ മൂന്നു ദിവസമായി കേസുകള്‍ വര്‍ധിച്ചതോടെ പിന്‍വലിച്ച നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവരേണ്ടിവരുമെന്നു സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ചെന്നൈയിലെ ഒന്‍പത് മാര്‍ക്കറ്റുകള്‍ കോര്‍പ്പറേഷന്‍ അടപ്പിച്ചു. കര്‍ണാടകത്തിനു പുറമെ തമിഴ്നാട് കേരളത്തില്‍ നിന്ന് വരുന്നവരെ കര്‍ശന നിരീക്ഷണത്തിനു വിധേയമാക്കാനും നടപടി തുടങ്ങി.

കോയമ്പത്തൂരിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. വ്യവസായ സ്ഥാപനങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണു കോയമ്പത്തൂരില്‍ കേസുകള്‍ കൂടാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കോയമ്പത്തൂര്‍ ചെന്നൈ, ഇറോഡ് തുടങ്ങി 20 ജില്ലകളിലാണ് കേസുകള്‍ വര്‍ധിക്കുന്നത്.

നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയത് തിരിച്ചടിയായെന്ന വിലയിരുത്തലുമുണ്ട്. ഇളവുകള്‍ക്കൊപ്പം ആടിമാസ വില്‍പന ആരംഭിച്ചതോടെ വ്യാപാര കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രണാധീതമാണ്. മാസ്ക് ,സാമൂഹിക അകലം നിബന്ധന തുടങ്ങിയവ പലയിടങ്ങളിലും പാലിക്കുന്നില്ല.